മുഖ്യമന്ത്രിയുടെ പേര്‌ പറയാൻ സ്വപ്‌നയ്ക്ക് സമ്മർദം ; ഇഡിക്കെതിരെ കേസെടുക്കാൻ പൊലീസ്‌

0
66

സ്വർണക്കടത്തിൽ മുഖ്യമന്ത്രിയ്ക്ക് എതിരെ മൊഴി നൽകാൻ സ്വപ്‌ന സുരേഷിനെ നിർബന്ധിച്ചെന്ന പരാതിയിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കൊരുങ്ങി പൊലീസ്‌.ഡയറക്ടർ ജനറൽ ഓഫ്‌ പ്രോസിക്യൂഷനിൽനിന്ന്‌ (ഡിജിപി) ആഭ്യന്തര അഡീഷണൽ ചീഫ്‌ സെക്രട്ടറി നിയമോപദേശം തേടി.

സ്വപ്‌നയുടെ ശബ്‌ദരേഖ സംബന്ധിച്ച്‌ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ടിനെ തുടർന്നാണിത്‌. എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്‌ അർധ ജുഡീഷ്യൽ പദവിയുള്ളതിനാലാണ്‌ നിയമോപദേശം തേടിയത്‌. നിയമോപദേശത്തിന്‌ ശേഷം ഇഡി‌ ഡിവൈഎസ്‌പി രാധാകൃഷ്‌ണൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്ന സ്വപ്‌നയുടെ ശബ്‌ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. ഇത്‌ തന്റെ ശബ്‌ദമാണെന്ന്‌ സ്വപ്‌ന ക്രൈംബ്രാഞ്ചിനോട്‌ സമ്മതിക്കുകയും ചെയ്തു. സ്വപ്‌നയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന നാല്‌ വനിതാ പൊലീസ്‌ ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്കെതിരെ മൊഴിനൽകാൻ സ്വപ്‌നയെ ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയതായി അന്വേഷണ സംഘത്തോട്‌ പറഞ്ഞു.

സ്വപ്‌നയെ ഇഡി ചോദ്യം ചെയ്യുമ്പോൾ ഇവരും ഒപ്പമുണ്ടായിരുന്നു. ഡിവൈഎസ്‌പി രാധാകൃഷ്‌ണൻ മുഖ്യമന്ത്രിയുടെ പേര്‌ പറഞ്ഞാൽ മാപ്പ്‌ സാക്ഷിയാക്കാമെന്ന് സ്വപ്‌നയ്‌ക്ക്‌ വാഗ്‌ദാനം നൽകിയതായും മൊഴിയുണ്ട്‌.

കേസുമായി ബന്ധമില്ലാത്തവരുടെ പേര്‌ പറയിക്കാനുള്ള ശ്രമം ഗുരുതര നിയമലംഘനമാണ്‌. കേസ്‌ അട്ടിമറിക്കാനും വഴി തിരിച്ചുവിടാനുമാണിത്‌. ഇത്തരം വിവരങ്ങളും അന്വേഷണ സംഘം പരിശോധിച്ച്‌ തുടർനടപടി സ്വീകരിക്കും. ഇതിനായി ക്രൈംബ്രാഞ്ച്‌ സംസ്ഥാന പൊലീസ്‌ മേധാവിക്ക്‌ നൽകിയ റിപ്പോർട്ട്‌ ആഭ്യന്തര അഡീഷണൽ ചീഫ്‌ സെക്രട്ടറിക്ക്‌ സമർപ്പിച്ചു.