എൽ ഡി എഫിന് എതിരറ്റ ശോഭ ;പുതുമുഖങ്ങളും ജനമനസ്സ് കീഴടക്കിയവർ

0
72
  • കെ വി 

ഇടതുപക്ഷ – ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥി പട്ടികയ്ക്ക് മുമ്പെന്നത്തേക്കാളും പൊതുസ്വീകാര്യതയുടെ തിളക്കം . യുവജനങ്ങൾക്കും വനിതകൾക്കും നല്ല പരിഗണന നൽകി എന്നതാണ് ഒരു സവിശേഷത. രണ്ടോ മൂന്നോ പ്രാവശ്യത്തിൽ കൂടുതൽ പാർലന്റെറി രംഗത്തുണ്ടായിരുന്നവരിൽ മിക്കവരെയും മാറ്റിനിർത്തിയതും നല്ല മതിപ്പുളവാക്കുന്നു. പുതുമുഖങ്ങളാവട്ടെ ഓരോരുത്തരും പൊതുപ്രവർത്തനത്തിലെ മികവോടെ ജനമനസ്സിൽ ഇടമുറപ്പിച്ചവരുമാണ്. ഒപ്പം, ഒഴിവാക്കാനാവാത്ത പരിചയസമ്പന്നരിൽ ചിലരുടെ സാന്നിധ്യംകൊണ്ടും പട്ടിക ശ്രദ്ധേയം.

അഞ്ച് മന്ത്രിമാർ ഉൾപ്പെടെ 33 സിറ്റിങ് എം എൽ എ മാരാണ് സി പി ഐ – എമ്മിൽനിന്നുതന്നെ ഇക്കുറി മത്സരിക്കാതെ മാറിനിൽക്കുന്നത്. അതിനാൽ മൊത്തം 85 പേരിൽ 33 സ്ഥാനാർത്ഥികൾ പുതുക്കക്കാരാണ്. സി പി ഐ യുടെയും പ്രഖ്യാപിച്ച 21 സ്ഥാനാർത്ഥികളിൽ ഒൻപതുപേർ കന്നിക്കാർ. യുവജനങ്ങൾക്കും സ്ത്രീകൾക്കും നല്ല പരിഗണന നൽകിയിട്ടുണ്ട്. സി പി ഐ – എം ലിസ്റ്റിൽ മാത്രം 12 പേർ വനിതകളാണ് ; 13 പേർ ചെറുപ്പക്കാരും. സി പി ഐ ലിസ്റ്റിലുമുണ്ട് ഒരു വനിതയും ഒൻപത് യുവാക്കളും.
ജീവിതപ്രയാസങ്ങളോട് പൊരുതിയ അനാഥത്വത്തിൽനിന്ന് പൊതുസേവനത്തിന്റെ ബാലപാഠങ്ങൾ മനസ്സിലാക്കിയ ആളുണ്ട് പുതിയ സ്ഥാനാർത്ഥികളിൽ. മാത്രമല്ല, കൂലിപ്പണിചെയ്ത് കുടുംബം പോറ്റുന്നതിനൊപ്പം രാഷ്ട്രീയപ്രവർത്തനത്തിന്റെ മഹനീയതയിലേക്ക് നടന്നുകയറിയ സാധാരണക്കാരും.

മണ്ഡലങ്ങളും മത്സരത്തിനുള്ള അവകാശവും തറവാട്ടുസ്വത്തുപോലെ വീതംവെച്ച് തുടർച്ചയായി കൈയടക്കിവെച്ചുപോരുന്ന കോൺഗ്രസ് – ലീഗ് രീതികളിൽനിന്ന് വ്യത്യസ്തമായാണ് എൽ ഡി എഫ് സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്. നിയമസഭാ സാമാജികത്വത്തിന്റെ സുവർണജൂബിലിയും മറ്റും ആഘോഷിക്കുന്ന യു ഡി എഫ് നേതാക്കൾക്ക് സങ്കല്പിക്കാവുന്നതല്ല ഈ ജനാധിപത്യ ശൈലി. നേതൃശേഷിയിലും ഭരണമികവിലും നിസ്തുലമായ പ്രാഗത്ഭ്യമുള്ളവർ തന്നെയാണ് താരതമ്യേന ഇളംപ്രായക്കാർക്ക് വഴിമാറിക്കൊടുത്തത്. വരുന്ന അഞ്ചുകൊല്ലംകൂടി ഇവർ സഭയിലുണ്ടായിരുന്നെങ്കിൽ … എന്ന് ആരും ആശിച്ചുപോകുന്ന ജനകീയ അംഗീകാരമുള്ളവരാണ് ഇവരിൽ ഏറെയും.

പക്ഷേ, പുതുതലമുറക്കാർക്കും അവസരമൊരുക്കുക എന്ന തത്ത്വാധിഷ്ഠിത നിലപാടിലൂന്നി പിന്മാറുകയായിരുന്നു പലരും. അയ്യഞ്ചു വർഷം ഇടവിട്ടെങ്കിലും ജനപ്രതിനിധി ആയില്ലെങ്കിൽ “സ്കോപ്പു “ള്ള പാർട്ടിയിലേക്ക് കൂറുമാറുകയോ രംഗമേ വിടുകയോ ചെയ്യുന്നവർക്ക് ഇതൊക്കെ മണ്ടത്തരമായി തോന്നിയേക്കും.
സംഘടനാ പ്രവർത്തനത്തിലെ മിടുക്കിനൊപ്പം പഠന കാര്യങ്ങളിലും ഉയർന്ന നേട്ടം കൈവരിച്ചവരാണ് യുവ സ്ഥാനാർത്ഥികളിൽ മിക്കവരും . എം ബി ബി എസ് കഴിഞ്ഞ് ഡോക്ടർമാരായ രണ്ടു പേർ, ഡോക്ടറേറ്റ് നേടിയ രണ്ടു പേർ , പി ജി യോഗ്യതയുള്ള 14 പേർ , അഭിഭാഷകരായ 28 പേർ , ബിരുദ പഠനം പൂർത്തിയാക്കിയ 42 പേർ എന്നിങ്ങനെ നീളുന്നു അവരുടെ അക്കാദമിക് ഔന്നത്യം.
വിദ്യാർത്ഥി-യുവജന രംഗത്തുനിന്ന് 20 പേർ സ്ഥാനാർത്ഥികളായിട്ടുണ്ട്. ഇവരിൽ അഞ്ചുപേർ 30 വയസ്സിനു താഴേയുള്ളവരാണ് – ജെയ്ക് സി തോമസ് (പുതുപ്പള്ളി ), സച്ചിൻ ദേവ് (ബാലുശ്ശേരി ), എം വിജിൻ (കല്യാശ്ശേരി ) പി മിഥുന (വണ്ടൂർ ), ലിൻഡോ ജോസഫ് (തിരുവാമ്പാടി) എന്നിവർ .


വീണ്ടും ജനവിധി തേടുന്നവരിൽ മുഖ്യമന്ത്രി പിണറായി വിജയൻ , മന്ത്രിമാരായ കെ കെ ശൈലജ ടീച്ചർ, ടി പി രാമകൃഷ്ണൻ , ജെ മേഴ്സിക്കുട്ടിയമ്മ, ഡോ. കെ ടി ജലീൽ , കടകംപള്ളി സുരേന്ദ്രൻ , എം എം മണി, ഇ ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ സി മൊയ്തീൻ, കെ കൃഷ്ണൻ കുട്ടി, എ കെ ശശീന്ദ്രൻ എന്നിവരും പെടും. കൂടാതെ എം വി ഗോവിന്ദൻ മാസ്റ്റർ, കെ രാധാകൃഷ്ണൻ , പി രാജീവ്, കെ എൻ ബാലഗോപാൽ, വി ശശി, പി പ്രസാദ് എന്നീ പ്രമുഖരും മത്സര രംഗത്തുണ്ട്.