-അനിരുദ്ധ് പി.കെ.-
മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാൽ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് ഇ ഡി വാഗ്ദാനം നൽകിയതായി മൊഴി. സ്വപ്നയുടെ എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ റെജിമോളുടേതാണ് മൊഴി.
ലോക്കറിലെ തുക ശിവശങ്കർ തന്നതാണെന്ന് പറയണം.ആ തുക മുഖ്യമന്ത്രി ശിവശങ്കറിന് നൽകിയതാണെന്നും പറയണം.ഇങ്ങനെ പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാം എന്നാണ് മൊഴിയിൽ വനിതാ സി പി ഓ വ്യക്തമാക്കുന്നത്.മൊഴിയുടെ പകർപ്പ്.
ആഗസ്ത് 13 ന് രാത്രിയിലെ ചോദ്യം ചെയ്യലിലാണ് ഇങ്ങനെ പറഞ്ഞത്. ഇ ഡി , ഡിവൈഎസ്പി രാധാകൃഷ്ണനാണ് ഈ വാഗ്ദാനം നൽകിയത്. പലപ്പോഴും പുലർച്ചെ നാലുമണി വരെ ചോദ്യം ചെയ്തെന്നും മൊഴിയിൽ ചൂണ്ടിക്കാട്ടുന്നു.
ആഗസ്റ്റ് 11 ന് ഭർത്താവും മകനും സ്വപ്നയെ സന്ദർശിച്ചിരുന്നു, 17 ന് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരിച്ചേൽപ്പിക്കുന്ന സമയത്തും ഇവർ കോടതയിൽ വന്നിരുന്നു എന്നും കോടതിക്കടുത്തുള്ള മുറിയിൽ ഇരുന്ന് സംസാരിച്ചിരുന്നു എന്നും സി പി ഓ നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു. സ്വപ്നയുടെ ശബ്ദസന്ദേശം സംബന്ധിച്ച് അന്വേഷണം നടത്തുന്ന കമ്മീഷന് മുൻപാകെയാണ് മൊഴി നൽകിയത്.
ശബ്ദസന്ദേശം എപ്പോൾ റെക്കോർഡ് ചെയ്തതാണ് എന്ന് അറിയില്ലെന്നും തൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സമയത്ത് അത്തരം സംഭവങ്ങൾ നടന്നിട്ടില്ലെന്നും സി പി ഓ വ്യക്തമാക്കി. അതേസമയം ശബ്ദം സ്വപ്നയുടേത് പോലെ ഉണ്ടെന്നാണ് സി പി ഓ ചൂണ്ടിക്കാട്ടുന്നത്.
മുഖ്യമന്ത്രിയുടെ പേര് പറയുന്നതിന് അന്വേഷണ ഏജൻസി സമ്മർദ്ദം ചെലുത്തിയിരുന്നു എന്ന് കഴിഞ്ഞ ദിവസം എസ്കോർട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥയുടെ മൊഴി കൂടി പുറത്ത് വരുന്നത്.
അന്വേഷണ ഏജൻസികൾ ഗൂഢാലോചന നടത്തി മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്നതിന്റെ വ്യക്തമായ തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് ഉദ്ധേശമെന്നും ഇതോടെ തെളിയുകയാണ്.