സംഘ്പരിവാർ അനുകൂല മാധ്യമമായ ഓപ് ഇന്ത്യക്ക് പ്രത്യേക പിന്തുണയും പ്രോത്സാഹനവും നൽകാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

0
159

സംഘ്പരിവാർ അനുകൂല മാധ്യമമായ ഓപ് ഇന്ത്യക്ക് പ്രത്യേക പിന്തുണയും പ്രോത്സാഹനവും നൽകാനൊരുങ്ങി കേന്ദ്രം. സർക്കാർ ആശയ വിനിമയവുമായി ബന്ധപ്പെട്ട മന്ത്രിതല ഉപസമിതിയുടെ റിപ്പോർട്ടിലാണ് ശുപാർശ.

മിക്ക ഓൺലൈൻ പോർട്ടലുകളും സർക്കാർ വിമർശകരാണെന്നും റിപ്പോർട്ടിൽ ന്യായീകരണം. ആൾട് ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ അപകടകാരിയാണെന്നതടക്കമുളള വിവാദ പരാമർശങ്ങളും നിർദേശങ്ങളുമാണ് റിപ്പോർട്ടിലുള്ളത്.

കേന്ദ്ര മന്ത്രിതല ഉപസമിതി, സർക്കാർ ആശയ വിനിമയവുമായി ബന്ധപെട്ട് പ്രധാനമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് വിവാദ ഉള്ളടക്കമുളളത്. ഓൺലൈൻ മാധ്യമങ്ങളുടെ പ്രോത്സാഹനം സംബന്ധിച്ച സുപ്രധാന ശുപാർശകളിലൊന്ന് സംഘ്പരിവാർ അനുകൂല മാധ്യമമായ ഓപ് ഇന്ത്യയെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നാണ്.

രവിശങ്കർ പ്രസാദ്, പ്രകാശ് ജാവ്ഡേക്കർ, സ്മൃതി ഇറാനി, മുക്താർ അബ്ബാസ് നഖ്വി തുടങ്ങി 9 അംഗങ്ങളടങ്ങുന്ന കേന്ദ്ര മന്ത്രിതല ഉപസമിതിയാണ് റിപ്പോർട്ടിനു പിന്നിൽ. മിക്ക ഓൺലൈൻ പോർട്ടലുകളും സർക്കാർ വിമർശകരാണെന്ന് ന്യായീകരണം ആയതിനാൽ മറ്റ് പോർട്ടലുകളെ പരിഗണിച്ചില്ല.

വിവിധ മന്ത്രിമാരുടെ നിർദേശങ്ങൾ ക്രോഡീകരിച്ചാണ് ഉപസമിതിയുടെ ശുപാർശ. വ്യാജ വാർത്ത തുറന്നുകാട്ടുന്ന ആൾട് ന്യൂസിന്റെ പ്രചാരണം അപകടകരമെന്ന മന്ത്രിമാരുടെ പരാമർശവും റിപ്പോർട്ടിലുണ്ട്. കടുത്ത മാധ്യമ നിയന്ത്രണത്തിനും നിരീക്ഷണത്തിനും വഴിവക്കുന്ന മന്ത്രിമാരുടെ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.

സർക്കാരിനെ വിമർശിക്കുന്ന അമ്പത് ഓൺലൈൻ മാധ്യമങ്ങളെ നിരീക്ഷിക്കണം. വിക്കിപീഡിയ എഡിറ്റിങ് നടത്തുന്നവ൪ക്ക് എതിരെ ശക്തമായ നടപടിയെടുക്കണം. വ്യത്യസ്ത സമുദായങ്ങളുടെ വാട്സാപുകൾ നിരീക്ഷിക്കണം. സമൂഹ്യ മാധ്യമങ്ങളിൽ പാർട്ടി -സർക്കാർ ഏകോപനം സാധ്യമാക്കണമെന്നതടക്കം വിവാദമായ നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്.