സൗദി കിഴക്കന്‍ പ്രവിശ്യയിലെ റാസ് തനൂറ തുറമുഖത്തെ അരാംകോ എണ്ണ പ്ലാന്റിനും ദഹ്‌റാനിലെ അരാംകോ ജീവനക്കാരുടെ താമസ കേന്ദ്രത്തിനും നേരെ ഹൂതി ഡ്രോണ്‍-മിസൈല്‍ ആക്രമണം.
ഞായറാഴ്ച പകലാണ് ആക്രമണം. ഇരു ആക്രമണങ്ങളിലും ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച പല സമയങ്ങളിലായി 12 ഡ്രോണുകളും രണ്ട് ബാലിസ്റ്റിക് മിസൈലുകളുമാണ് ഹുതികള്‍ യെമനില്‍നിന്നും സൗദിയിലേക്ക് തൊടുത്തുവിട്ടത്. ഇതില്‍ ഒരു ഡ്രോണാണ് റാസ് തനൂറയിലെ എണ്ണ സംഭരണ യാഡുകളിലൊന്നില്‍ പതിച്ചത്.
ലോകത്തെ ഏറ്റവും വലിയ എണ്ണ വിതരണ തുറമുഖമാണിത്. കടലില്‍ നിന്നാണ് ഇവിടേക്ക് ഡ്രോണ്‍ ആക്രമണം ഉണ്ടായതെന്ന് ഊര്‍ജ്ജ മന്ത്രാലയം പത്രകുറിപ്പില്‍ അറിയിച്ചു.
ഡ്രോണും മിസൈലും സൗദി സഖ്യസേനെ തകര്‍ത്തിരുന്നു. എന്നാല്‍, തകര്‍ക്കപ്പെട്ട ബാലിസ്റ്റിക് മിസൈലിന്റെ ഒരു ഭാഗം അരാംകോ പാര്‍പ്പിട കേന്ദ്രത്തിന് സമീപം പതിച്ചതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
ഹുതി ആക്രമണത്തിന് തിരിച്ചടിയായി ഞായറാഴ്ച പകല്‍ യമന്‍ തലസ്ഥാനമായ സനയിലെ ഹുതി കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി സഖ്യ സേന അറിയിച്ചിരുന്നു.
ഇതിനു പിന്നാലെ സൗദിക്ക് നേരെ വീണ്ടും ഡ്രോണ്‍-മിസൈല്‍ ആക്രമണം ഉണ്ടായതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അരാകോ ആക്രമണത്തെ സൗദിയും ലോക രാജ്യങ്ങളും ശക്തമായി അപലപിച്ചു.നിരവധി മലയാളികൾ അരാംകോയിൽ ജോലി ചെയുന്നുണ്ട്.