ഉരുക്ക്‌ നിർമാണശാലയായ ചേർത്തല ഓട്ടോകാസ്റ്റിൽനിന്ന്‌‌ ഇനി മണലിഷ്ടികയും

0
102

സംസ്ഥാന പൊതുമേഖല സ്ഥാപനത്തിന്റെ പുതു ചുവടുവയ്‌പ്. ഉരുക്ക്‌ നിർമാണശാലയായ ചേർത്തല ഓട്ടോകാസ്റ്റിൽനിന്ന്‌‌ ഇനി മണലിഷ്ടികയും നിർമ്മിക്കും.

‌അവശിഷ്ട മണലിൽനിന്നാണ്‌ ഇഷ്ടിക നിർമിക്കുന്നത്‌. ഇന്ത്യൻ റെയിൽവേയ്‌‌ക്കായി ബോഗിയും മാരുതി കാറിന്‌‌ ബ്രേക്കും നിർമിച്ചതിനു പിന്നാലെയാണ്‌ സംസ്ഥാന പൊതുമേഖല സ്ഥാപനത്തിന്റെ പുതു ചുവടുവയ്‌പ്‌.

തിരുവനന്തപുരം പാപ്പനംകോട്ടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഫോർ ഇന്റർഡിസിപ്ലിനറി സയൻസ്‌ ആൻഡ്‌ ടെക്‌നോളജി (എൻഐഐഎസ്‌ടി)മായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. മന്ത്രി ഇ പി ജയരാജൻ കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച ധാരണപത്രം ഒപ്പിട്ടു. ഓട്ടോകാസ്റ്റിലെ മണലുപയോഗിച്ച്‌ പരീക്ഷണാടിസ്ഥാനത്തിൽ എൻഐഐഎസ്‌ടി ഇഷ്ടിക നിർമിച്ചു.

ഇന്റർലോക്ക്‌ ഉൾപ്പെടെ മൂന്നു നിറത്തിലുള്ള ഇഷ്ടികയാണ്‌ നിർമിച്ചത്‌. പാപ്പനംകോടുനിന്നുള്ള‌ വിദഗ്ധ സംഘം ബുധനാഴ്ച ഓട്ടോകാസ്റ്റ്‌ സന്ദർശിക്കും. യന്ത്രസാമഗ്രി സ്ഥാപിക്കുന്നതുൾപ്പെടെ‌ പരിശോധിക്കും.

ഉരുക്കു നിർമാണത്തിനായി‌ ഓട്ടോകാസ്റ്റിൽ മണലിലാണ്‌ മോൾഡ് തയ്യാറാക്കുന്നത്‌. ഉൽപ്പാദനത്തിനുശേഷം ഈ മണൽ അവശിഷ്ടമാണ്‌. മഴക്കാലത്ത്‌ ഇവ മണ്ണിലലിയുന്നതിനാൽ സമീപത്തെ ജലസ്രോതസ്സുകളിലെ വെള്ളത്തിന്‌ നിറം മാറ്റമുണ്ടാകാറുണ്ട്. ഈ പരിസ്ഥിതി പ്രശ്നത്തിന് ഇതിലൂടെ‌ പരിഹാരമാകുമെന്ന്‌ മാനേജിങ്‌ ഡയറക്ടർ വി അനിൽകുമാർ പറഞ്ഞു.

ഓട്ടോകാസ്റ്റിൽ നിലവിൽ 21,600 ടൺ മണലുണ്ട്‌. ഇതുപയോഗിച്ച് മൂന്ന് കിലോ ഭാരമുള്ള 72 ലക്ഷം ഇഷ്ടിക നിർമിക്കാം. ഒരു മാസം 600 ടൺ അവശിഷ്ട മണലുണ്ടാകുന്നുണ്ട്. ഇവയിൽനിന്ന് പ്രതിദിനം 7500 ഇഷ്ടിക നിർമിക്കാം.സാധാരണ ഇഷ്ടികയേക്കാൾ കരുത്തും ഈടുമുള്ള ഇവ ലൈഫ് മിഷൻ വീടു നിർമാണമടക്കം സർക്കാർ പദ്ധതികളിൽ ഉപയോഗിക്കാം.

404 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു ലൈഫ് മിഷൻ വീടിന്‌ 4600 ഇഷ്ടികയാണ്‌ വേണ്ടത്‌. ഇതനുസരിച്ച്‌ 1500 ഓളം വീടിന്‌ വേണ്ട ഇഷ്ടിക നിർമിക്കാനാവശ്യമായ മണൽ ഇപ്പോഴുണ്ട്‌.