ആയിരങ്ങളെ സാക്ഷിനിർത്തി ജനനായകൻ തുടങ്ങി; ഇടതു മുന്നണിയുടെ പ്രചരണത്തിന് ആവേശ തുടക്കം

0
63

ആവേശോജ്ജ്വലമായി ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണ യോ​ഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ദുരന്തമുണ്ടാകുമ്പോൾ പ്രതിസന്ധി ഉണ്ടാകുമ്പോൾ ജനങ്ങളെ ഒറ്റക്കെട്ടായി നിർത്താനാണ് സർക്കാർ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം പ്രതിസന്ധി നേരിട്ട സമയത്ത് ഗവൺമെൻറിനെ അപഹസിക്കാനാണ് പ്രതിപക്ഷം നോക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സർക്കാർ ചെയ്ത പ്രവർത്തനങ്ങളിലെ കുറവുകളാണ് സ്വാഭാവികമായും ചർച്ച ചെയ്യുക. സാധാരണ വഴിവിട്ടാണ് പ്രതിപക്ഷം സഞ്ചരിക്കുന്നത്.

മഹാപ്രളയകാലത്ത് സർക്കാർ കൈക്കൊണ്ട നിലപാടും നടപടിയും ലോകമാകെ അംഗീകരിച്ചു. എന്നാൽ പ്രതിപക്ഷം ഇതിനെ ഇകഴ്ത്താനാണ് ശ്രമിച്ചത്. കോവിഡ് മഹാമാരിയെയും ഫലപ്രദമായി നേരിട്ടു. ജനങ്ങൾ ഒറ്റക്കെട്ടായി സർക്കാരിനൊപ്പം നിന്നു. ലോകമാകെ മുഴുപ്പട്ടിണിയിലായ അവസ്ഥ വന്നു. എന്നാൽ നമ്മുടെ നാട്ടിൽ ആരും പട്ടിണി കിടക്കരുത് എന്ന് സർക്കാർ തീരുമാറ്റച്ചു. ജനങ്ങളാകെ ഇത് ഏറ്റെടുത്തു.
നമ്മുടെ നാടിൻ്റെ വിജയമാണിത്. വികസിത രാജ്യങ്ങളിൽ മരണ നിരക്ക് കൂടിയപ്പോഴും നമുക്ക് മരണനിരക്ക് പിടിച്ചു നിർത്താനായി. രോഗ വ്യാപനം തടയാനായി.

സാധാരണക്കാരെ ഒപ്പം ചേർത്ത് നാടിനെ ഒന്നിച്ചു നിർത്താൻ എൽ ഡി എഫ് സർക്കാരിനായി. എൽ ഡി എഫ് സർക്കാരിന് വമ്പിച്ച സ്വീകാര്യത ലഭിച്ചപ്പോൾ പുതിയ ചങ്ങാത്തം രൂപപ്പെട്ടു. ഇല്ലാകഥകൾ സർക്കാരിനെതിരെ മെനഞ്ഞു. കോൺഗ്രസും ബിജെപിയുമാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. രാവിലെ ബിജെപി നേതാവ് പത്രസമ്മേളനം വിളിക്കും. വൈകിട്ട് പ്രതിപക്ഷനേതാവും. ഒരേ സ്വരത്തിലാണ് ഇക്കൂട്ടർ പ്രവർത്തിക്കുന്നത്. തിരുവനന്തപുരം നയതന്ത്ര സ്വർണക്കടത്ത് വന്നപ്പോൾ സർക്കാരിനെതിരെ തിരിച്ചുവിടാൻ ശ്രമിച്ചു. എൽ ഡി എഫ് സര്ക്കാരിനെ തകർക്കാൻ വേണ്ടി കോൺഗ്രസും ബിജെപിയും ഒരുപോലെ ശ്രമിയ്ക്കുന്നത് മുഖ്യമന്ത്രി ധർമ്മടത്ത് പറ‍ഞ്ഞു.