Wednesday
17 December 2025
30.8 C
Kerala
HomePoliticsമുസ്ലിംലീഗിന്‌ സ്ഥാനാർഥി നിർണയം കീറാമുട്ടി, കാസർകോട്ടും മഞ്ചേശ്വരത്തും സ്ഥാനാർഥിപ്പോര്

മുസ്ലിംലീഗിന്‌ സ്ഥാനാർഥി നിർണയം കീറാമുട്ടി, കാസർകോട്ടും മഞ്ചേശ്വരത്തും സ്ഥാനാർഥിപ്പോര്

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയം മുസ്ലിംലീഗിന്‌ കീറാമുട്ടിയാകുന്നു. കാസർകോട്‌, മഞ്ചേശ്വരം മണ്ഡലങ്ങളിൽ കൂടുതൽ നേതാക്കൾ മത്സരത്തിന്‌ തുനിഞ്ഞിറങ്ങിയതോടെയാണ്‌ സംസ്ഥാന നേതൃത്വത്തിന് സ്ഥാനാർഥി നിർണ്ണയം തലവേദനയായി. ‌

ജില്ലാ ഭാരവാഹികളെയും കാസർകോട്‌, മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളെയും ഞായറാഴ്‌ച പാണക്കാട്ടേക്ക്‌ വിളിപ്പിച്ച്‌ വിവരങ്ങൾ ആരാഞ്ഞു. ജില്ലാ പ്രസിഡന്റ്‌ ടി ഇ അബ്ദുള്ള, ജനറൽ സെക്രട്ടറി എ അബ്ദുൾറഹ്‌മാൻ, ട്രഷറർ കല്ലട്ര മാഹിൻ ഹാജി, കാസർകോട്, മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌, സെക്രട്ടറി, ട്രഷറർ എന്നിവരെയാണ്‌ വിളിപ്പിച്ചത്‌.

കാസർകോട്‌ മൂന്നാമതും മത്സരിക്കാൻ ശ്രമിക്കുന്ന എൻ എ നെല്ലിക്കുന്ന്‌, ടി ഇ അബ്ദുള്ള, ജില്ലാ സെക്രട്ടറി പി എം മുനീർ ഹാജി, കല്ലട്ര മാഹിൻ ഹാജി എന്നിവരുടെ പേര്‌ മണ്ഡലം കമ്മിറ്റി നൽകിയ പട്ടികയിലുണ്ട്‌. സംസ്ഥാന നേതൃത്വത്തിലുള്ള പിടിപാടാണ്‌ നെല്ലിക്കുന്നിന്‌ പിൻബലം.

രണ്ട്‌ തവണ എംഎൽഎയായ നെല്ലിക്കുന്നിനെ മാറ്റിനിർത്തി തങ്ങൾക്ക്‌ അവസരം നൽകണമെന്നാണ്‌ മറ്റുള്ളവരുടെ വാദം. കാസർകോട്‌ മത്സരിക്കാൻ മോഹിച്ച കെ എം ഷാജിയെ തുരത്താൻ കൂട്ടായി പാണക്കാട്ടുചെന്ന്‌ പരാതിപ്പെട്ടവരാണിപ്പോൾ പരസ്പരം ഏറ്റുമുട്ടുന്നത്.

മഞ്ചേശ്വരത്ത്‌ സ്ഥാനാർഥിത്വം ഉറപ്പിച്ച മട്ടിലാണ്‌ യൂത്ത്‌ ലീഗ്‌ സംസ്ഥാന സെക്രട്ടറി എ കെ എം അഷറഫിന്റെ പ്രവർത്തനം. മണ്ഡലം കമ്മിറ്റി അഷറഫിന്റെ പേരുമാത്രമാണ്‌ നിർദേശിച്ചത്‌. മുനീർ ഹാജി, കല്ലട്ര മാഹിൻ ഹാജി എന്നിവരും ഇവിടെയും സീറ്റിനായി ശ്രമിക്കുന്നു.

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ അഷറഫിന്‌ സീറ്റ്‌ നിഷേധിച്ചതിൽ പ്രതിഷേധിച്ച്‌ അദ്ദേഹത്തിന്റെ അനുയായികൾ പാണക്കാട്‌ തറവാട്ടുമുറ്റത്ത്‌ പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. സ്ഥാനാർഥി പ്രഖ്യാപനം 12ന് ഉണ്ടാകുമെന്ന്‌ ലീഗ്‌ നേതാക്കൾ പറയുന്നു.

RELATED ARTICLES

Most Popular

Recent Comments