“വെല്ലുവിളിക്കാനായി തെരഞ്ഞെടുക്കുക” – ഇന്ന് ലോക വനിതാ ദിനം

0
72

സ്ത്രീ മുന്നേറ്റവും അവകാശ സംരക്ഷണവും ഓർമിപ്പിച്ച് ഇന്ന് ലോക വനിതാ ദിനം. വെല്ലുവിളിക്കാനായി തെരഞ്ഞെടുക്കുക എന്നതാണ് ഈ വർഷത്തെ പ്രമേയം.

സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും അവർ നേടിയെടുക്കുന്ന നേട്ടങ്ങളും എടുത്തുകാണിക്കുകയെന്നതാണ് വനിതാദിനത്തിന്റെ പ്രധാന്യം.കോവിഡ് എന്ന മഹാമാരി തീർത്ത ദുരന്തങ്ങളിൽ നിന്നും രാജ്യങ്ങൾ കരകയറി വരുന്നേയുള്ളൂ.

എല്ലാവരും ഒന്നിച്ച് പോരാടേണ്ട ഈ അവസ്ഥയിലും സ്ത്രീകളെയും പെൺകുട്ടികളെയും പാർശ്വവൽക്കരിക്കുന്ന വ്യവസ്ഥിതി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

1908ൽ പതിനയ്യായിരത്തിലധികം വരുന്ന സ്ത്രീ തൊഴിലാളികൾ ന്യൂയോർക്ക് നഗരഹൃദയത്തിലൂടെ ഒരു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ജോലി സമയത്തിൽ കുറവ് വരുത്തുക, ശമ്പളത്തിൽ ന്യായമായ വർധന വരുത്തുക, വോട്ട് ചെയ്യാനുള്ള അവകാശം നൽകുക എന്നിവയായിരുന്നു സമരക്കാരുടെ ആവശ്യം. ഈ പ്രക്ഷോഭമായിരുന്നു പിന്നീട് ലോക വനിതാദിനത്തിന് ചുക്കാൻ പിടിച്ചതും.

1917ൽ റഷ്യയിലെ ഒരു കൂട്ടം സ്ത്രീകൾ ‘ബ്രഡ് ആൻഡ് പീസ്’ എന്ന മുദ്രാവാക്യവുമായി നടത്തിയ നാല് ദിവസത്തെ സമരത്തിനൊടുവിൽ സാർ ചക്രവർത്തി മുട്ടുമടക്കി സ്ത്രീകൾക്ക് വോട്ടവകാശം നൽകുന്നതോടെയാണ് ലോകമെങ്ങും ഒരേ ദിവസം വനിതാദിനം ആഘോഷിക്കുന്ന സാഹചര്യമുണ്ടായത്.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ആ ഐതിഹാസിക സമരം തുടങ്ങുന്ന ദിവസം മാർച്ച് എട്ടിന് ആയിരുന്നു. അതിൻറെ ഓർമയ്ക്കായി പിന്നീടങ്ങോട്ട് എല്ലാവർഷവും മാർച്ച് എട്ടിന് തന്നെ ലോകവനിതാദിനം ആഘോഷിച്ചു തുടങ്ങുകയായിരുന്നു.