മണ്ഡല പര്യടനം: മുഖ്യമന്ത്രി ഇന്ന് മുതൽ ധർമ്മടത്ത്

0
79

നിയമസഭ തെര‌ഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിൽ .ഇന്ന് മുതൽ ഈ മാസം 16 വരെയാണ് മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം. വൈകിട്ട് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പിണറായിക്ക് പാർട്ടി പ്രവർത്തകർ ഉജ്ജ്വല സ്വീകരണവും ഒരുക്കിയിട്ടുണ്ട്.

ഔദ്യോഗികമായി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചില്ലെങ്കിലും മുഖ്യമന്ത്രി ഇന്ന് മുതൽ ധർമ്മടം മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങും. ഒൻപത് ദിവസം തുടർച്ചയായി മുഖ്യമന്ത്രി മണ്ഡലത്തിലുണ്ടാകും.വിമാനത്താവളം മുതൽ പിണറായി വരെ റോഡ് ഷോയ്ക്ക് സമാനമായ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

18 കിലോമീറ്റർ ദൂരത്തിനിടയിൽ ഒൻപത് കേന്ദ്രങ്ങളിൽ സ്വീകരണമുണ്ടാകും. നാളെ മണ്ഡലത്തിലെ പ്രമുഖരുമായി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തും.

പര്യടന പരിപാടിയിൽ 46 കേന്ദ്രങ്ങളിൽ അദ്ദേഹം സംസാരിക്കും. ദിവസവും രാവിലെ പത്തിന് തുടങ്ങി വൈകിട്ട് അഞ്ചരയോടെ അവസാനിക്കുന്ന തരത്തിലാണ് പരിപാടികൾ ക്രമീകരിച്ചിട്ടുള്ളത്.