സ്റ്റോക്സിനെ പുറത്താക്കി അക്ഷർ, ഇം​ഗ്ലണ്ടിന് നാലുവിക്കറ്റ് നഷ്ടമായി

0
51

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച. 30 റണ്‍സെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് നാലു വിക്കറ്റുകള്‍ നഷ്ടമായി.

ബെൻ സ്റ്റോക്സാണ് ഒടുവിൽ പുറത്തായത്. രണ്ടുറൺസെടുത്ത സ്റ്റോക്സിനെ അക്ഷർ പട്ടേൽ വിരാട് കോലിയുടെ കൈയ്യിലെത്തിച്ചു.

നേരത്തേ മൂന്നുറൺസെടുത്ത ഓപ്പണർ ഡോം സിബ്ലിയെയും അക്ഷർ പുറത്താക്കിയിരുന്നുസ്വീപ് ഷോട്ടിന് ശ്രമിച്ച സിബ്ലിയുടെ ഷോട്ട് ശുഭ്മാന്‍ ഗില്ലിന്റെ കാലില്‍ തട്ടി പൊന്തി. ഇത് ഋഷഭ് പന്ത് പിടിച്ചെടുത്തു.

അഞ്ചാം ഓവറിന്റെ നാലാം പന്തില്‍ സാക് ക്രോളിയെയും (5) അഞ്ചാം പന്തില്‍ ജോണി ബെയര്‍സ്‌റ്റോയെയും (0) പുറത്താക്കി അശ്വിൻ ഇന്ത്യയ്ക്ക് സ്വപ്നത്തുടക്കം സമ്മാനിച്ചിരുന്നു.

ആദ്യ ഇന്നിങ്സിൽ ഇന്ത്യ 365 റണ്‍സിന് പുറത്തായി. ഇതോടെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് 160 റണ്‍സിന്റെ ലീഡായി. 96 റണ്‍സ് നേടി പുറത്താവാതെ നിന്ന വാഷിങ്ടണ്‍ സുന്ദറിന്റെയും 43 റണ്‍സെടുത്ത അക്ഷര്‍ പട്ടേലിന്റെയും ചെറുത്തുനില്‍പ്പാണ് ഇന്ത്യന്‍ സ്‌കോര്‍ 365-ല്‍ എത്തിച്ചത്.

അര്‍ഹിച്ച സെഞ്ചുറിയാണ് സുന്ദറിന് നഷ്ടമായത്. തന്റെ കന്നി സെഞ്ചുറിയ്ക്കായി സുന്ദര്‍ ഇനിയും കാത്തിരിക്കണം. ഒരു ഘട്ടത്തില്‍ 365 ന് ഏഴ് എന്ന നിലയില്‍ നിന്നും ഇന്ത്യ അതേ സ്‌കോറിന് ഓള്‍ ഔട്ടായി.

അഞ്ചുപന്തുകള്‍ക്കിടയില്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ട് അതിവേഗം ഇന്ത്യയെ ഓള്‍ ഔട്ടാക്കി. 96 റണ്‍സെടുത്ത് പുറത്താവാതെ നിന്ന സുന്ദറിന് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഇത് നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ. അക്ഷര്‍ പട്ടേലിനൊപ്പം സുന്ദര്‍ 106 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ആദ്യം അക്ഷര്‍ പട്ടേലാണ് പുറത്തായത്. അനാവശ്യ റണ്ണിന് ശ്രമിച്ച അക്ഷര്‍ റണ്‍ ഔട്ടായി. പിന്നാലെ ക്രീസിലെത്തിയ ഇഷാന്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ സ്റ്റോക്‌സ് അതേ ഓവറിലെ നാലാം പന്തില്‍ അവസാന ബാറ്റ്‌സ്മാനായ സിറാജിന്റെ കുറ്റി തെറിപ്പിച്ചു.

ഇംഗ്ലണ്ടിനായി സ്റ്റോക്‌സ് നാലുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആന്‍ഡേഴ്‌സന്‍ മൂന്നു വിക്കറ്റ് നേടി. ജാക്ക് ലീച്ച് രണ്ട് വിക്കറ്റ് സ്വന്തമാക്കി.