രാഷ്ട്രീയമൂല്യത്തിന് വില കൊടുക്കുന്ന എൽഡിഎഫ് ചെറുപ്പക്കാർക്ക് പ്രതീക്ഷ നൽകുന്നു: അഡ്വ: ഹരീഷ് വാസുദേവൻ

0
55

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികളിൽ തിരക്കേറിയ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളാണ് നടക്കുന്നത്.

എന്നാൽ ചർച്ചകാർ എത്ര നടത്തിയിട്ടും യുഡിഎഫിൽ ഗ്രൂപ്പ് പോര് കാരണം ഒരു തീരുമാനം എടുക്കാൻ കഴിയാത്ത അവസ്ഥയാണ്. പുതുമുഖങ്ങൾക്ക് അവസരം നൽകുകയെന്നത് യുഡിഎഫിനെ സംബന്ധിച്ച അപ്രാപ്ത്യമായ കാര്യങ്ങളിൽ ഒന്നാണ്.

സ്ഥാനാർഥി നിർണയത്തിൽ കേരളത്തിലെ പ്രധാന മുന്നണികളായ എൽഡിഎഫും യുഡിഎഫും തമ്മിലുളള പ്രധാന വിത്യാസം എന്താണെന്ന് വ്യക്തമാകുകയാണ് അഡ്വ: ഹരീഷ് വാസുദേവൻ. തന്റെ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് ഇക്കാര്യം പറയുന്നത്.

– 2 തവണ അടുപ്പിച്ച് ജനപ്രതിനിധി ആയവർ ഇനി മത്സരിക്കണ്ട എന്നു UDF തീരുമാനിച്ചാൽ എത്ര നേതാക്കൾ UDF ൽ അപ്രസക്തരാകും? ഒന്നോർത്തു നോക്കൂ. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, MK മുനീർ, VD സതീശൻ, അങ്ങനെ നേതൃനിരയിൽ ഉള്ള ആരൊക്കെ മാറി നിൽക്കേണ്ടിവരും? !!!

സ്ഥാനാർഥിയെ മണ്ഡലത്തിൽ എല്ലാവർക്കും പരിചിതമാക്കുക എന്നത് തെരഞ്ഞെടുപ്പിൽ പ്രധാനമാണ്. എല്ലാവർക്കും പരിചയമുള്ള, വലിയ കുറ്റമില്ലാത്ത ആളുകൾ ആണെങ്കിൽ പകുതി ജയിച്ചു. അല്ലെങ്കിലോ? ജയസാധ്യത ഉള്ള മണ്ഡലങ്ങളിൽ പോലും മറ്റൊരാളെ പരീക്ഷിച്ചു വെറുതെ റിസ്‌ക്ക് എടുക്കുകയാണ്.- ഹരീഷ് പറയുന്നു.

ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

രാഷ്ട്രീയമൂല്യത്തിന് കൊടുക്കുന്ന വില

LDF ഉം UDF ഉം തമ്മിലുള്ള പ്രധാന വ്യത്യാസം അറിയാൻ ഒരു കാര്യം മാത്രം നോക്കിയാൽ മതി. 2 തവണ അടുപ്പിച്ച് ജനപ്രതിനിധി ആയവർ ഇനി മത്സരിക്കണ്ട എന്നു UDF തീരുമാനിച്ചാൽ എത്ര നേതാക്കൾ UDF ൽ അപ്രസക്തരാകും? ഒന്നോർത്തു നോക്കൂ. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, MK മുനീർ, VD സതീശൻ, അങ്ങനെ നേതൃനിരയിൽ ഉള്ള ആരൊക്കെ മാറി നിൽക്കേണ്ടിവരും?!! !

സ്ഥാനാർഥിയെ മണ്ഡലത്തിൽ എല്ലാവർക്കും പരിചിതമാക്കുക എന്നത് തെരഞ്ഞെടുപ്പിൽ പ്രധാനമാണ്. എല്ലാവർക്കും പരിചയമുള്ള, വലിയ കുറ്റമില്ലാത്ത ആളുകൾ ആണെങ്കിൽ പകുതി ജയിച്ചു. അല്ലെങ്കിലോ? ജയസാധ്യത ഉള്ള മണ്ഡലങ്ങളിൽ പോലും മറ്റൊരാളെ പരീക്ഷിച്ചു വെറുതെ റിസ്ക്ക് എടുക്കുകയാണ്.

എന്നിട്ടും ജി. സുധാകരനെയും, ഡോ. തോമസ് ഐസക്കിനെയും, EP ജയരാജനെയും വി. സുനിൽ കുമാറിനെയും, പ്രൊഫ. രവീന്ദ്രനാഥിനെയും ചന്ദ്രശേഖരനെയും ഒക്കെ മാറ്റി നിർത്താൻ തീരുമാനിക്കുന്നതിൽ ചെറുതല്ലാത്ത ധൈര്യമുണ്ട് LDF ന്.

അതായത്, ജയസാധ്യത കൂടിയ ആളെ മാറ്റി നിർത്തി റിസ്ക്ക് ഉള്ള ആളെ മത്സരിപ്പിക്കുക.

എന്തിന്? ? മറ്റു മുന്നണികൾ കുറ്റപ്പെടുത്തിയോ? ജനം കുറ്റപ്പെടുത്തിയോ? 2 തവണയിൽ കൂടുതൽ ജയിച്ചവർക്ക് വീണും അവസരം നൽകിയാൽ പുതിയവർക്ക് LDF അവസരം നൽകുന്നില്ലെന്ന് LDF ൽ അമർഷം ഉണ്ടായോ? ഇല്ല. തോമസ് ഐസക്കിനെയോ ജി സുധാകരനെയോ EP ജയരാജനെയോ ഒക്കെ മാറ്റി എനിക്ക് സീറ്റ് വേണമെന്ന് LDF ൽ ഒരാളും പറയുമെന്ന് തോന്നുന്നില്ല. മാധ്യമങ്ങൾക്ക് പോലും അങ്ങനെ ഒരു പരാതി ഇല്ല.

പിന്നെ എന്തിന് ഈ റിസ്ക്ക്? ?

അതാണ് LDF ലെ രണ്ടു പ്രധാന പാർട്ടികളിലെ ഉൾപ്പാർട്ടി ചർച്ചാനിലവാരം.

അധികാരം ചില വ്യക്തികളിൽ കേന്ദ്രീകരിക്കുന്നതിനു എതിരെ അവർ തന്നെ ഉണ്ടാക്കിയെടുത്ത മാനദണ്ഡം. ഈ നേതാക്കൾ പോയി പുതിയവർ വന്നു അവർക്കും അധികാരരാഷ്ട്രീയത്തിൽ അവസരം കിട്ടണം.

ഇരു മുന്നണികളും പുതിയവർക്ക് ഭരണഅവസരം നൽകണമെന്ന് പ്രസംഗിക്കുന്നുണ്ട്. എന്നാൽ അധികാരത്തിൽ ഇരിക്കുന്നവർ ജയസാധ്യതയുള്ള സീറ്റ് ഒഴിഞ്ഞു പുതിയവർക്ക് അവസരം നൽകുന്ന കാര്യം പ്രവർത്തിയിൽ കൊണ്ടുവരുന്നത് ആരാണ്? കോണ്ഗ്രസ്സിലോ മുസ്ലീംലീഗിലോ ജയസാധ്യത ഉള്ള നേതാവിനെ ഒരു രാഷ്ട്രീയമൂല്യത്തിന്റെ പേരിൽ തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്തുന്ന കാര്യം ചിന്തിക്കാൻ പോലും പറ്റില്ല. എന്തിന്, അഴിമതിക്കേസിൽ ജയിലിൽ പോയ ആളെ മത്സരിപ്പിക്കാൻ പറ്റിയില്ലെങ്കിൽ മകനെ മത്സരിപ്പിക്കാൻ നോക്കുന്ന തരം വ്യക്തികേന്ദ്രീകൃത അധികാരമാണ് UDF ൽ. രാഷ്ട്രീയമൂല്യം പറഞ്ഞു ഇങ്ങനെയൊരു തീരുമാനം എടുക്കണമെന്ന് ലീഗിലോ കൊണ്ഗ്രസിലോ ഒരു ഉൾപ്പാർട്ടി ചർച്ച സാധ്യമാണോ? ആ ചർച്ച അംഗീകരിക്കുന്ന നേതൃത്വം ഉണ്ടോ?

അവർ സ്വയം ആലോചിക്കട്ടെ.

ഇത് മറ്റാരെയും ബോധ്യപ്പെടുത്താൽ അല്ല, സോഷ്യൽ ഡിമാന്റ് കൊണ്ടല്ല, ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ സ്വയാർജ്ജിത നിലവാരം ആണ് എന്നതാണ് ഇതിലെ ഹൈലൈറ്റ്.

പുതുതലമുറ രണ്ടാംനിര നേതാക്കളുടെ അഭാവം UDF ലുണ്ടെങ്കിൽ അത് എന്തുകൊണ്ടാണ്? ആര്യ രാജേന്ദ്രനെ മേയറാക്കിയതും മുതിർന്ന നേതാക്കൾക്ക് സീറ്റ് നിഷേധിച്ചതും ഒക്കെയായി LDF ന്റെ സമീപകാല തീരുമാനങ്ങൾ ആ മുന്നണിയിലെ കൂടുതൽ ചെറുപ്പക്കാർക്ക് പ്രതീക്ഷ ഉണ്ടാക്കിയിട്ടുണ്ട്.

മറ്റു പലപ്രശ്നങ്ങളും സ്ഥാനാർഥി നിർണ്ണയത്തിൽ ആരോപിക്കാമെങ്കിലും, LDF ഇക്കാര്യത്തിലൊരു വലിയ പ്രതീക്ഷ നൽകുന്നു.

അഡ്വ. ഹരീഷ് വാസുദേവൻ.