കേന്ദ്ര സർക്കാർ നടപ്പാക്കിയ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരം നൂറു ദിനം പിന്നിട്ടു. രാജ്യവ്യാപകമായി കര്‍ഷകര്‍ ഇന്ന് കരിദിനം ആചരിക്കും.
സമരം ശക്തമാക്കാനാണ് കർഷകർ തീരുമാനിച്ചിരിക്കുന്നത്. സമരകേന്ദ്രങ്ങളിലേക്ക് സ്ത്രീകളടക്കമുളള കര്‍ഷകരുടെ പുതിയ സംഘങ്ങള്‍ ഇപ്പോഴും എത്തുന്നുണ്ട്.ഡല്‍ഹി അതിര്‍ത്തിയോട് ചേര്‍ന്നുളള കെഎംപി എക്സ്പ്രസ് പാത കര്‍ഷകര്‍ ഉപരോധിക്കും.
രാവിലെ 11 മുതല്‍ അഞ്ച് മണിക്കൂര്‍ വാഹനങ്ങള്‍ തടയും. ടോള്‍ പ്ലാസകളില്‍ ടോള്‍ പിരിക്കുന്നതും തടയും. വീടുകളിലും ഓഫീസുകളിലും കറുത്ത പതാക നാട്ടാനും സംയുക്ത കിസാൻ മോര്‍ച്ച നിര്‍ദേശം നല്‍കി. മാര്‍ച്ച് എട്ടിന് വനിതാ ദിനത്തിന്റെ ഭാഗമായി സമരകേന്ദ്രങ്ങളുടെ നിയന്ത്രണം സ്ത്രീകളെ ഏല്‍പ്പിക്കും.
ജനുവരി 26 ന് ശേഷം കര്‍ഷകരുമായി സര്‍ക്കാര്‍ ഇതുവരെ ചര്‍ച്ചയ്ക്ക് തയാറായിട്ടില്ല. നിയമം പിന്‍വലിക്കും വരെ സമരം തുടരാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലടക്കം കര്‍ഷക സമരം തിരിച്ചടിക്കുള്ള കാരണം ആകാതിരിക്കാന്‍ ശക്തമായ പ്രചാരണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്.