BREAKING : കസ്റ്റംസ് ഡയറക്ടറുടെ രാഷ്ട്രീയം മറ നീക്കി പുറത്ത്,പ്രോട്ടോകോൾ ലംഘിച്ച് ഫേസ്ബുക് പോസ്റ്റ്, വിവാദമാകുന്നു

0
109

-അനിരുദ്ധ്.പി.കെ –

കസ്റ്റംസ് ഡയറക്ടർ സുമിത് കുമാറിന്റെ ഫേസ്ബുക് പോസ്റ്റ് വിവാദമാകുന്നു. കേരളത്തിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന രാഷ്ട്രീയ നാടകങ്ങൾക്കെതിരെ എൽ ഡി എഫ് സംഘടിപ്പിച്ച കസ്റ്റംസ് ഓഫിസ് മാർച്ചിനെതിരെ പരസ്യമായി രംഗത്ത് വന്നതോടെയാണ് സുമിത് കുമാറിന്റെ പോസ്റ്റ് വിവാദമായത്.

ഒരു സർക്കാർ ഉദ്യോഗസ്ഥൻ, അതും പ്രമാദമായ ഒരു കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ തന്റെ രാഷ്ട്രീയം കേസന്വേഷണത്തിൽ കൂട്ടികലർത്തുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഫേസ്ബുക് പോസ്റ്റ്. എൽ ഡി എഫ് പ്രതിഷേധത്തിന്റെ പോസ്റ്റർ പങ്കു വെച്ച് “ഒരു രാഷ്ട്രീയ പാർട്ടി ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നു, വില പോകില്ല” എന്നാണ് സുമിത് കുമാർ എഴുതിയത്. സർക്കാർ ജീവനക്കാരൻ വിശിഷ്യാ നീതി ന്യായ വ്യവസ്ഥയുടെ ഭാഗമായിരിക്കുന്നു ഒരാളായ സുമിത് തന്റെ നില മറന്നു പ്രവർത്തിക്കുകയായിരുന്നു.

ജോലിയുടെ എത്തിക്സിനെയും ചട്ടങ്ങളെയും കാറ്റിൽ പറത്തി പരസ്യമായി തന്നെ തന്റെ ഇടതുവിരുദ്ധ മനോഭാവം സുമിത് വ്യക്തമാക്കുകയായിരിന്നു.ഉത്തരവാദിത്തപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ കേസ് ഏകപക്ഷീയമായിട്ടാണ് മുന്നോട്ടു പോകുന്നതെന്നും, ആരോപണ വിധേയരാവർക്ക് നീതി ലഭിക്കില്ല എന്നും പറയാതെ പറഞ്ഞു വെക്കുന്നു.

കസ്റ്റംസ് ഡയറക്ടറുടെ ബി ജെ പി അനുഭാവത്തെക്കുറിച്ച് മുൻപും ആക്ഷേപം ഉയർന്നിരുന്നു.കേസിൽ ഏകപക്ഷീയമായിട്ടാണ് നടപടികൾ നടക്കുന്നതെന്നും ആരോപണം ഉണ്ട്. പ്രധാനപ്പെട്ട രേഖകൾ പലതും മാധ്യമങ്ങളിലെ സംഘപരിവാർ അടുപ്പമുള്ള റിപ്പോർട്ടർമാർക്ക് കോടതിയിൽ ഹാജരാകുന്നതിന് മുൻപ് തന്നെ കൈമാറുന്നുണ്ട് എന്നും ആക്ഷേപം ഉയർന്നിരുന്നു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ നിന്നും ഇത്തരത്തിൽ ചോർന്ന വാട്സാപ്പ് സന്ദേശങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. പ്രോട്ടോകോൾ തെറ്റിച്ചു രാഷ്ട്രീയ അഭിപ്രായം വ്യക്തമാക്കിയ കസ്റ്റംസ് കംമീഷണറുടെ നീക്കം കേരളത്തിൽ നടക്കുന്ന അന്വേഷണം എന്ന പ്രഹസനത്തെ തുറന്നു കാട്ടുന്നതാണ്.

ഈ സംഭവം വിവാദമാകുകയും സാമുഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയതോടെ പോസ്റ്റ് മുക്കി തടിതപ്പിയിരിക്കുകയാണ് കസ്റ്റംസ് തലവൻ.