കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ മോദി ഫോട്ടോ വേണ്ട , നീക്കം ചെയ്യണമെന്ന് തെരഞ്ഞടുപ്പ് കമ്മീഷൻ

0
86

കോവിഡ് വാക്സിൻ എടുക്കുന്നവർക്ക് നൽകുന്ന സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അച്ചടിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് തെരഞ്ഞടുപ്പ് കമ്മീഷൻ. നരേന്ദ്ര മോദിയുടെ ഫോട്ടോ ഒഴിവാക്കണമെന്ന് തെരഞ്ഞടുപ്പ് കമ്മീഷൻ അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലാണ് ഒഴിവാക്കുക. ആരോഗ്യ മന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി.തൃണമൂൽ കോൺഗ്രസിൻറെ പരാതിയിലാണ് നടപടി.

അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ബിജെപിയുടെ മുഖ്യപ്രചാരകൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ അച്ചടിക്കുന്നത് വോട്ടർമാരെ സ്വാധീനിക്കുമെന്നും പെരുമാറ്റ ചട്ടലംഘനമാണെന്നുമാണ് പരാതി നൽകിയത് . ബംഗാളിലെ ചീഫ് ഇലക്ടറൽ ഓഫീസറോട് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് ചീഫ് ഇലക്ഷൻ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് നടപടി.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര സർക്കാർ ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന് തൃണമൂൽ എംപി ഡറിക് ഒബ്രിയാൻ വിമർശിച്ചു. ആരോഗ്യ പ്രവർത്തകരുടെ ക്രെഡിറ്റ് തട്ടിയെടുക്കാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പെട്രോൾ പമ്പുകളിലെ മോദിയുടെ പോസ്റ്ററുകൾ നീക്കം ചെയ്യണമെന്ന് ഇലക്ഷൻ കമ്മീഷൻ നേരത്തെ നിർദേശിച്ചിരുന്നു. സർക്കാർ പദ്ധതികൾ വിശദീകരിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് നീക്കാൻ ആവശ്യപ്പെട്ടത്.