പാലക്കാട്‌ ശ്രീകൃഷ്ണപുരത്ത്‌ ബിജെപി – കോൺഗ്രസ്‌ പാർട്ടികളിൽനിന്ന്‌ രാജിവച്ച്‌ 70 പേർ സിപിഐഎമ്മിനൊപ്പം

0
69
മണ്ണമ്പറ്റ പുഞ്ചപ്പാടത്ത് വിവിധ രാഷ്‌ട്രീയ പാർട്ടികളിൽനിന്നും സംഘടനകളിൽനിന്നും രാജിവച്ച്‌‌ അമ്പതോളം പേർ സിപിഐ എമ്മുമായി ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. കോൺഗ്രസ്, ബിജെപി, ഐഎൻടിയുസി, യൂത്ത് കോൺഗ്രസ് തുടങ്ങിയവയിൽ പ്രവർത്തിച്ചവരാണ്‌ സിപിഐഎമ്മിനൊപ്പം അണിചേരാൻ തീരുമാനിച്ചത്‌. ഇവർക്കുള്ള സ്വീകരണ പൊതുയോഗം സിപിഐഎം ജില്ലാ സെക്രട്ടറിയറ്റംഗം വി കെ ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.
സി എൻ ഷാജു ശങ്കർ അധ്യക്ഷനായി. കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബി എ മലയാളം പരീക്ഷയിൽ നാലാം റാങ്ക് നേടിയ ടി രസിതയെ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ പ്രേംകുമാർ അനുമോദിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ പി അരവിന്ദാക്ഷൻ, കെ എസ് മധു, ലോക്കൽ സെക്രട്ടറി എം സി വാസുദേവൻ, സി ഹരിദാസൻ, സി രാജിക എന്നിവർ സംസാരിച്ചു.
ഐഎൻടിയുസി യൂണിറ്റ് പ്രസിഡന്റ്‌ പൂവടിയിൽ വിനോദ്കുമാർ, സെക്രട്ടറി പിഷാരത്തുകുന്ന് ഉണ്ണികൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ബാലാമണി, യൂത്ത് കോൺഗ്രസ്‌ മുൻ മണ്ഡലം ജനറൽ സെക്രട്ടറി കാഞ്ഞിരത്തിങ്കൽ വിനോദ്കുമാർ, ബിജെപി പഞ്ചായത്ത് കമ്മിറ്റി അംഗവും എട്ടാം വാർഡ് കൺവീനർ രവി പുത്തൻവീട് എന്നിവരും കോൺഗ്രസ് പ്രവർത്തകരായ 16 പേർ കുടുംബ സമേതവുമായാണ്‌ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
പുലാപ്പറ്റയിൽ 20 കോൺഗ്രസ്‌ കുടുംബം സിപിഐഎമ്മിലേക്ക് 
 പുലാപ്പറ്റ ലോക്കൽ കമ്മിറ്റി പരിധിയിൽ കോൺഗ്രസിൽനിന്ന്‌ രാജിവച്ച് സിപിഐഎമ്മിലേക്ക് വന്നവർക്ക് സ്വീകരണം നൽകി. ചോലപ്പാടം സെന്ററിൽ സ്വീകരണപൊതുയോഗം ഏരിയ സെക്രട്ടറി എൻ ഹരിദാസൻ ഉദ്‌ഘാടനം ചെയ്തു.
ലോക്കൽ സെക്രട്ടറി പി ബാലകൃഷ്ണൻ അധ്യക്ഷനായി. 20 കോൺഗ്രസ് പ്രവർത്തകരും അവരുടെ കുടുംബങ്ങളുമാണ് സിപിഐ എമ്മിനൊപ്പം ചേർന്നുപ്രവർത്തിക്കാൻ തീരുമാനിച്ചത്. പി ശാസ്തകുമാർ സ്വാഗതവും കെ രാജൻ നന്ദിയും പറഞ്ഞു.