കല്യാശ്ശേരി എ.ടി.എം കവർച്ച പ്രതികളുമായി അന്വേഷണ സംഘം വിവിധ കേന്ദ്രങ്ങളിലെത്തി തെളിവെടുപ്പ് നടത്തി. വെള്ളിയാഴ്ച രാവിലെ 10.30ന് ആരംഭിച്ച തെളിവെടുപ്പ് ഉച്ചവരെ നീണ്ടു. മാങ്ങാട്ട് ബസാറിലെ ഇന്ത്യവൺ എ.ടി.എം, കല്യാശ്ശേരി ഹൈസ്കൂളിന് മുൻവശത്തെ എസ്.ബി.ഐ എ.ടി.എം, ഇരിണാവ് റോഡ് കവലക്ക് സമീപത്തെ പി.സി.ആർ ബാങ്കിെൻറ എ.ടി.എം എന്നിവിടങ്ങളിലാണ് പ്രതികളുമായി അന്വേഷണ സംഘമെത്തിയത്. പ്രതികളെ കാണുന്നതിനായി ജനം തടിച്ചുകൂടി.
കവർച്ച രീതികൾ അടക്കം പ്രതികൾ കാണിച്ചുകൊടുത്തു. മൂന്നു എ.ടി.എമ്മുകളും ഗ്യാസ് കട്ടർ ഉപയോഗിച്ച് വിദഗ്ധമായി തകർക്കുന്ന രീതി അടക്കമുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് പ്രതികൾ കാണിച്ചുകൊടുത്തു. വിശദമായ ചോദ്യം ചെയ്യലില്‍ ഏഴ് കൂട്ടു പ്രതികളുണ്ടെന്നുള്ള വിവരം ലഭിച്ചതായും പൊലീസ് അറിയിച്ചു. മൂന്നു പ്രതികളെ ഡൽഹി -ഹരിയാന അതിർത്തിയിലാണ് പൊലീസ് വലയിലാക്കിയത്. കൂട്ടുപ്രതികള്‍ താമസിയാതെ പിടിയിലാകുമെന്നാണ് സൂചന.
പ്രതികള്‍ സഞ്ചരിച്ചതും ലോറികളില്‍ സാധനങ്ങള്‍ കയറ്റി ഇറക്കിയ മഞ്ചേരി, പൊയിനാച്ചി എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഫെബ്രുവരി 21ന് പുലർച്ചയാണ് മൂന്നു എ.ടി.എമ്മുകളും ഗ്ലാസ് കട്ടർ ഉപയോഗിച്ച് തകർത്ത് 25 ലക്ഷത്തോളം രൂപ കവർന്നത്. അന്വേഷണ ചുമതല വഹിക്കുന്ന എ.സി.പി പി. ബാലകൃഷ്ണന്, കണ്ണപുരം സി.ഐ സി.എൻ. സുകുമാരന്‍, വളപട്ടണം എസ്.ഐ എ. അനില്‍ കുമാര്‍, കണ്ണപുരം എസ്.ഐ പരമേശ്വര നായ്ക്, എ.എസ്.ഐമാരായ എന്‍. മനീഷ്, കെ. സതീശന്, എം.പി. നികേഷ്, എന്‍.വി. പ്രകാശന് എന്നിവർക്കൊപ്പം ക്രൈം സ്ക്വാഡ് അംഗങ്ങളും ഉണ്ടായിരുന്നു.