ലഹരി മരുന്നുകളുമായി മൂന്ന് യുവാക്കളെ അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്സ്മെൻറ് സ്ക്വാഡ് അറസ്റ്റ് ചെയ്തു.ആലപ്പുഴ കോമളപുരം ആര്യാട് വാളശ്ശേരില്‍ സാജിദ് (25) മാമ്മൂട് കളരിക്കല്‍ മുഹമ്മദ് ഷാദുല്‍ (22) എറണാകുളം നെടുമ്പാശ്ശേരി അത്താണി ശ്രീരംഗത്തില്‍ ശ്രീകാന്ത് (32) എന്നിവരെയാണ് അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്സ്മെൻറ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ. പ്രസാദിെൻറ നേതൃത്വത്തിൽ വട്ടവട പഴത്തോട്ടത്ത് പ്രവര്‍ത്തിക്കുന്ന മൊണ്ടാന ടെൻറ് ക്യാമ്പില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
ഇവരുടെ പക്കല്‍നിന്ന് 150 ഗ്രാം എം.ഡി.എം.എ (മെതലിന്‍ ഡയോക്സി മെതാം ഫിറ്റമിന്‍), .048ഗ്രാം എല്‍.എസ്.ഡി(ലൈസര്‍ജിക് ആസിഡ് ഡൈതലാമൈഡ്) 3.390 ഗ്രാം ഹഷീഷ് ഓയില്‍, 10 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. മൊബൈല്‍ ഫോണ്‍, 7200 രൂപ എന്നിവയും കസ്റ്റഡിയിലെടുത്തു.
‘മൊണ്ടാന’ ടെൻറ് ക്യാമ്പ് കേന്ദ്രീകരിച്ച് നിശാപാര്‍ട്ടിക്കിടെ ലഹരി മരുന്നുകള്‍ വിതരണം നടക്കുന്നുണ്ടെന്ന് എക്സൈസ് ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഒരേക്കറിലധികം വരുന്ന ടെൻറ് ക്യാമ്പിൽ നാല് മണിക്കൂറിലധികം പരിശോധന നടത്തിയാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. തമിഴ്നാട്ടില്‍നിന്ന് എത്തിക്കുന്ന മയക്കുമരുന്ന് ഓണ്‍ലൈനിലൂടെ ടെൻറ് ബുക്ക് ചെയ്തെത്തുന്ന യുവാക്കള്‍ക്കാണ് വില്പന നടത്തിയിരുന്നത്.
മൂന്നാര്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍നിന്ന് 60 കിലോമീറ്റര്‍ മാറിയാണ് വട്ടവട പഴത്തോട്ടം. പച്ചക്കറി ഗ്രാമമായ ഇവിടെ ഉദ്യോഗസ്ഥ പരിശോധന ഉണ്ടാവില്ലെന്നതിനാലാണ് മാഫിയകള്‍ ഇവിടം കേന്ദ്രമാക്കുന്നത്. പ്രതികളെയും തൊണ്ടി സാധനങ്ങളും ദേവികുളം കോടതിയില്‍ ഹാജരാക്കി.