അന്വേഷണമെന്ന പേരിൽ വനിതാ ഉദ്യോഗസ്ഥയോടു മര്യാദ കെട്ടു പെരുമാറുന്ന ധിക്കാരത്തിന്റെ ഉറവിടം ബിജെപിയുടെ പിൻബലമാണ്: തോമസ് ഐസക്

0
94

കിഫ്ബിക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ കടുത്ത നിലപാടുമായി ധനമന്ത്രി തോമസ് ഐസക്.കിഫ്ബി ഉദ്യോഗസ്ഥർ ഇഡിയ്ക്കു മുന്നിൽ ഹാജരാനാവില്ലെന്ന് ഔദ്യോഗികമായി അറിയിച്ചുവെന്ന് മന്ത്രി.അന്വേഷണമെന്ന പേരിൽ വനിതാ ഉദ്യോഗസ്ഥയോടു മര്യാദ കെട്ടു പെരുമാറുന്ന ധിക്കാരത്തിന്റെ ഉറവിടം ബിജെപിയുടെ പിൻബലമാണെന്നും മന്ത്രി വിമർശിച്ചു .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇഡിയ്ക്കു മുന്നിൽ ഹാജരാനാവില്ലെന്ന് കിഫ്ബി ഉദ്യോഗസ്ഥർ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. വാക്കാലുള്ള മൊഴി നൽകാൻ ഇന്ന് രാവിലെ പത്തു മണിയ്ക്ക് ഹാജരാകാനായിരുന്നു ഏമാന്മാരുടെ ഇണ്ടാസ്. അത് അനുസരിക്കാൻ ഉദ്ദേശിക്കുന്നില്ല. മനസില്ല എന്നു തന്നെ വ്യാഖ്യാനിച്ചോളൂ. എന്തു ചെയ്യുമെന്ന് കാണട്ടെ.

മൊഴിയെടുക്കാനെന്ന പേരിൽ കിഫ്ബിയിലെ ഒരു സീനിയർ ഉദ്യോഗസ്ഥയെ നേരത്തെ ഇഡി സംഘം വിളിച്ചു വരുത്തിയിരുന്നു. പൊതുമനസാക്ഷിയുടെ ചോര തിളപ്പിക്കുന്ന അനുഭവമാണ് അവർക്കുണ്ടായത്. അക്കാര്യം ഇന്നലെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. അവർ നേരിട്ട ദുരനുഭവം കിഫ്ബി സിഇഒ ചീഫ് സെക്രട്ടറിയെ രേഖാമൂലം ധരിപ്പിച്ചിട്ടുണ്ട്. നിയമപരമായ നടപടികൾ സർക്കാർ ആലോചിച്ചു വരുന്നു.

അന്വേഷണമെന്ന പേരിൽ വനിതാ ഉദ്യോഗസ്ഥയോടു മര്യാദ കെട്ടു പെരുമാറുന്ന ധിക്കാരത്തിന്റെ ഉറവിടം ബിജെപിയുടെ പിൻബലമാണ്. ഉത്തരേന്ത്യയുടെ പലഭാഗങ്ങളിലും അവർ നടത്തുന്ന അഴിഞ്ഞാട്ടം കണ്ട് രോമാഞ്ചം കൊള്ളുന്നവരായിരിക്കും ഇഡിയുടെ ഉദ്യോഗസ്ഥർ. പക്ഷേ, ബോംബും വടിവാളുമേന്തി തെരുവിലിറങ്ങിയ അക്കൂട്ടരെ നിലയ്ക്കു നിർത്തിയ പാരമ്പര്യമാണ് ഈ നാടിനുള്ളത്. അത് ഇഡി ഉദ്യോഗസ്ഥർക്കും മനസിലാകും.

വിശേഷിച്ചൊന്നും അറിയാനല്ല ഈ അന്വേഷണ പ്രഹസനം. സമൻസ് തയ്യാറാക്കി ആദ്യം മാധ്യമങ്ങൾക്കാണ് ചോർത്തിക്കൊടുത്തത്. മൂന്നാം തീയതിയാണ് അറിയിപ്പ് കിഫ്ബി ഓഫീസിലെത്തുന്നത്. പക്ഷേ, രണ്ടാം തീയതി തന്നെ കാര്യങ്ങൾ എല്ലാ മാധ്യമങ്ങളും അറിയുകയും അവർ ആഘോഷത്തോടെ റിപ്പോർട്ടു ചെയ്യുകയും ചെയ്തു. ആ രാഷ്ട്രീയക്കളിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ചോദ്യങ്ങൾക്കൊന്നും ഒരു വ്യക്തതയുമില്ല. എന്ത് കാര്യത്തിനാണ് അന്വേഷണമെന്ന എവിടെയും വ്യക്തമാക്കിയിട്ടില്ല.

അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാൻ സമൻസ് അയയ്ക്കുന്നത് എങ്ങനെ ആയിരിക്കണമെന്നൊക്കെ സുപ്രിംകോടതി നിർദ്ദേശമുണ്ട്. വ്യക്തമായ കാരണങ്ങൾ രേഖപ്പെടുത്തി വേണം സമൻസ് അയയ്ക്കാൻ. സുപ്രിംകോടതിയൊന്നും തങ്ങൾക്ക് ബാധകമല്ലെന്നാണ് കൊച്ചിയിലെ ഇഡി ഏമാന്മാരുടെ ഭാവം. ബിജെപിക്കാരുടെ ചരടിനൊപ്പിച്ച് തുള്ളുന്ന പാവകൾക്ക് എന്തു സുപ്രിംകോടതി?

ഏതായാലും അഞ്ചാം തീയതി തങ്ങൾക്കു മുന്നിൽ വന്നിരിക്കണം എന്ന ഇഡിയുടെ കൽപന അനുസരിക്കാൻ സൌകര്യമില്ല. എന്തു ചെയ്യും… കാണട്ടെ.