കോവിഡിന്‍റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽനിന്ന് വരുന്ന യാത്രക്കാർക്ക് സിക്കിം സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഈ സംസ്ഥാനങ്ങളിൽനിന്ന് സിക്കിമിലേക്ക് വരുന്ന ഏതൊരു വ്യക്തിക്കും 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. അതേസമയം, ആൻറിജൻ പരിശോധനാ ഫലം സ്വീകരിക്കില്ല.
വകഭേദം സംഭവിച്ച കൊറോണ വൈറസ് വർധിച്ച സാഹചര്യത്തിലാണ് നടപടി. പ്രസ്തുത സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യക്തികളെ പരിശോധിക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ പശ്ചിമ ബംഗാൾ അതിർത്തിയിലെ സിലിഗുരിയിൽ നിയോഗിക്കും. സിക്കിമിലേക്ക് പ്രവേശിക്കുന്നവരെ പരിശോധിക്കാൻ സംവിധാനവും ഒരുക്കും.
നിലവിൽ സിക്കിമിലെ ഏക വിമാനത്താവളമായ പക്യോങ്ങിലും പരിശോധനകൾ നടക്കുന്നുണ്ട്. ഇതോടൊപ്പം ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ സിക്കിമിലേക്ക് വരുന്നവർക്ക് സ്പൈസ് ജെറ്റ് എയർലൈൻസ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ വിമാനത്തിൽ കയറാൻ അനുവദിക്കില്ല.
നേരത്തെ ഡൽഹി, കർണാടക, തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളും കേരളത്തിൽനിന്ന് വരുന്നവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം നിർബന്ധമാക്കിയിരുന്നു. എന്നാൽ, ഇക്കാര്യം പരിശോധിക്കുന്നത് കുറവാണെന്നാണ് യാത്രക്കാരുടെ അനുഭവം.