കേരളത്തിൽ കാട്ടുതീ ഭീഷണി, ജാഗ്രത നിർദേശങ്ങളും സ്വീകരിക്കേണ്ട നടപടികളും പുറപ്പെടുവിച്ചു

0
72

കേരളത്തിൽ കാട്ടുതീ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർമാർ, വനം-വന്യജീവി വകുപ്പ്, പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവർക്കുള്ള ജാഗ്രത നിർദേശങ്ങളും സ്വീകരിക്കേണ്ട നടപടികളും ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചു.

ജില്ലാ കളക്ടർമാർക്കുള്ള നിർദേശങ്ങൾ

– കാട്ടുതീ മുന്നൊരുക്ക പ്രവർത്തനങ്ങൾ കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുക.
– ഇതിനായി വനം-വകുപ്പ്, ഫയർ ആൻഡ് റെസ്ക്യൂ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് എന്നിവരുടെ പ്രത്യേക യോഗം വിളിച്ച് മുന്നൊരുക്ക പ്രവർത്തനങ്ങളുടെ അവലോകനം നടത്തുക.
– കാട്ടുതീ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ പൊതുജനങ്ങൾക്ക് വിവരം കൈമാറാൻ കണ്ട്രോൾ റൂം നമ്പർ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുക.
– കാട്ടുതീ ഉണ്ടായാൽ വനം വകുപ്പിന് കീഴിൽ തീ കെടുത്താൻ വേണ്ട ഉപകരണങ്ങളും, മാനവ വിഭവ ശേഷിയും ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
– ആവശ്യമെങ്കിൽ എല്ലാ റെയിഞ്ചിലേക്കും ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിൽ നിന്നും സ്റ്റാഫിനെ നിയോഗിക്കുക.

വനം-വന്യജീവി വകുപ്പിനുള്ള നിർദേശങ്ങൾ

– കാട്ടുതീ മുന്നൊരുക്ക പ്രവർത്തനങ്ങൾ കാര്യക്ഷമമാണെന്ന് ഉറപ്പു വരുത്തുക.
– കാട്ടുതീ സാധ്യതാ മേഖലകളിൽ ഫയർ ലൈനുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
– കാട്ടുതീ സാധ്യതാ മേഖലകളിൽ ‘കോൺട്രോൾഡ് ബർണിങ്’ നടത്തുക.
– വനത്തിനുള്ളിലും വനാതിർത്തികളിലും പകൽ സമയത്തും രാത്രികാലങ്ങളിലും പട്രോളിംഗ് ശക്തമാക്കുക.
– കാട്ടുതീ സാധ്യത മേഖലകളിലും മുൻ വർഷങ്ങളിൽ കാട്ടുതീ ബാധിച്ച സ്ഥലങ്ങളിലും പ്രത്യേക ജാഗ്രത പാലിക്കുക.
– അകാരണമായി വനത്തിനുള്ളിലേക്ക് ആളുകൾ പ്രവേശിക്കുന്നത് നിയന്ത്രിക്കുക.
– വനത്തിനുള്ളിലെ റോഡിലൂടെ കടന്നു പോകുന്ന വാഹനങ്ങൾ അകാരണമായി നിർത്തുന്നില്ല എന്ന് ഉറപ്പു വരുത്തുക.
– ടൂറിസം മേഖലകളിൽ ക്യാമ്പ്ഫയർ, സിഗരറ്റ് ഉപയോഗം എന്നിവ നിരോധിക്കുക.
– ഫയർ വാച്ചർമാരെ നിയോഗിക്കുന്നുണ്ടെന്നും അവരുടെ എണ്ണം പര്യാപ്തമാണെന്നും ഉറപ്പുവരുത്തുക.
– കാട്ടുതീ ബോധവൽക്കരണം നടത്തുക.
– കാട്ടുതീ നേരിടുന്നതിനായി റേഞ്ച് തലത്തിൽ സ്‌ക്വാഡുകൾ രൂപീകരിക്കുക.
-വനസംരക്ഷണ സമിതികൾ വഴി അംഗങ്ങൾക്ക് കാട്ടുതീ നേരിടാനുള്ള പരിശീലനം നൽകുക.
– തീയണയ്ക്കാൻ പോകുന്ന ഉദ്യോഗസ്ഥർക്ക് വേണ്ട സുരക്ഷാ ഉപകരണങ്ങൾ ഉറപ്പുവരുത്തുക.
– വാഹനങ്ങൾ എത്തിപ്പെടുന്ന സ്ഥലങ്ങളിൽ ഫയർ ഫോഴ്‌സിന്റെ സേവനം ആവശ്യപ്പെടുക.

പട്ടികജാതി-പട്ടികവർഗ വികസന വകുപ്പിനുള്ള നിർദേശങ്ങൾ

– വനത്തിനുള്ളിൽ താമസിക്കുന്ന പട്ടികജാതി-പട്ടികവർഗ കോളനികളുടെ സുരക്ഷ ഉറപ്പുവരുത്തുക.
– കോളനികളിലേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുക.
– കോളനികളിൽ കാട്ടുതീ ബോധവൽക്കരണം നടത്തുക.
– കാട്ടുതീ ഉണ്ടാകുന്ന പക്ഷം അവരെ മാറ്റിപ്പാർപ്പിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാക്കുക.

തദ്ദേശ സ്വയംഭരണ വകുപ്പിനുള്ള നിർദേശങ്ങൾ

– വനാതിർത്തി പങ്കിടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കാട്ടുതീ ബോധവൽക്കരണം പരമാവധി ആളുകളിലേക്ക് എത്തിക്കുക.
– സന്നദ്ധ സേനയുടെ മാതൃകയിൽ കാട്ടുതീ പ്രതിരോധത്തിനായി പ്രദേശവാസികളുടെ കൂട്ടായ്മ രൂപീകരിക്കുക.
– പഞ്ചായത്തുകളിൽ നിലവിലുള്ള എമർജൻസി റെസ്പോൺസ് ടീമിലെ അംഗങ്ങളെ സജ്ജരാക്കാനും ആവശ്യമായ പരിശീലനം നൽകാനും വേണ്ട നടപടികൾ സ്വീകരിക്കുക.
– കാട്ടുതീ ഉണ്ടാകുന്ന സാഹചര്യത്തിൽ വനം വകുപ്പിന് ആവശ്യമായ സഹായങ്ങൾ ചെയ്യുക.