തിരിച്ചടിയുമായി ഇംഗ്ലണ്ട് ബോളർമാർ ; ഇന്ത്യയ്ക്കും തകർച്ച

0
67

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയ്ക്കും ബാറ്റിംഗ് തകർച്ച. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ 205 റൺസിൽ പുറത്താക്കിയതിന് ശേഷം ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് തങ്ങളുടെ ഒന്നാമിന്നിംഗ്സിൽ 80 റൺസെടുക്കുന്നതിനിടെ 4 വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. രണ്ടാം ദിനം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ 80/4 എന്ന നിലയിലാണ് ആതിഥേയർ.

24/1 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് സ്കോർ ബോർഡിൽ 40 റൺസെത്തിയപ്പോൾ ചേതേശ്വർ പുജാരയുടെ വിക്കറ്റ് നഷ്ടമായി. 17 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നാലെയെത്തിയ നായകൻ വിരാട് കോഹ്ലിയെ അക്കൗണ്ട് തുറക്കുന്നതിന് മുന്നേ സ്റ്റോക്ക്സ് വീഴ്ത്തി. ഇതോടെ ഇന്ത്യ 41/3 എന്ന നിലയിലായി.

നാലാം വിക്കറ്റിൽ ഒത്തുചേർന്ന രോഹിത് ശർമ്മയും, അജിങ്ക്യ രഹാനെയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഇന്ത്യൻ ഉപനായകനും വീണു. ഉച്ചഭക്ഷണത്തിന് മുൻപുള്ള അവസാന ഓവറിൽ രഹാനെ പുറത്തായതോടെ ഇന്ത്യ 80/4 എന്ന നിലയിലായി. മികച്ച ഫോമിൽ കളിച്ചു വന്ന രഹാനെ 27 റൺസെടുത്താണ് പുറത്തായത്.

ഒരു വശത്ത് വിക്കറ്റുകൾ നഷ്ടമാകുന്നതിനിടയ്ക്കും മികച്ച രീതിയിൽ ബാറ്റ് വീശുന്ന രോഹിത് ശർമ്മ 32 റൺസോടെ ക്രീസിലുണ്ട്. ജെയിംസ് ആൻഡേഴ്സൺ, ജാക്ക് ലീച്ച്, ബെൻ സ്റ്റോക്ക്സ് എന്നിവരാണ് ഇന്ന് വീണ ഇന്ത്യൻ വിക്കറ്റുകൾ സ്വന്തമാക്കിയത്.