ചാമക്കാലയെ സ്ഥാനാർഥിയാക്കരുത്; ഡിസിസി

0
132

നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിക്കും മുമ്പേ യുഡിഎഫിൽ പോര് മുറുകുന്നു. കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല പത്തനാപുരത്ത്‌ സ്ഥാനാർഥിയാകുന്നതിനെതിരെ യുഡിഎഫിൽ പ്രതിഷേധം ശക്തമാകുകയാണ്.

ജ്യോതികുമാർ ചാമക്കാലയ്ക്കെതിരെ ഡിസിസി സെക്രട്ടറി അഞ്ചൽ സോമൻ ‌രംഗത്തെത്തി. ജ്യോതികുമാറിനെ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എഐസിസി പ്രസിഡന്റിനും കെപിസിസി പ്രസിഡന്റിനും സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറിമാർക്കും കത്തയച്ചു.

ചടയമംഗലം സീറ്റ്‌ ലീഗിന്‌ നൽകുന്നതിനെതിരെ കെപിസിസി എക്‌സിക്യൂട്ടീവ്‌അംഗം പ്രയാർ ഗോപാലകൃഷ്‌ണനും യൂത്ത്‌ കോൺഗ്രസും പരസ്യമായി പ്രതിഷേധിച്ചതിനു‌ പിന്നാലെയാണ്‌ പത്തനാപുരത്തും എതിർപ്പുയർന്നത്‌.

നേരത്തെ പുനലൂരിൽനിന്നു‌ പേടിച്ചോടിയ ലീഗിന്‌ ഒടുവിൽ പുനലൂരിലേക്ക്‌ മടങ്ങേണ്ടിവരുമോ എന്ന ആശങ്കയുണ്ട്‌. എന്തുവന്നാലും പുനലൂരിൽ കാലുകുത്തിക്കില്ലെന്ന നിലപാടിലാണ്‌ ഇവിടത്തെ സ്ഥാനാർഥിമോഹികൾ. ലീഗിന്‌ ജില്ലയിൽ സീറ്റ്‌ നൽകരുതെന്ന്‌ നേരത്തെ ആവശ്യപ്പെട്ട കോൺഗ്രസ്‌ നേതാക്കളും ഇതിനെ പിന്തുണയ്‌ക്കുന്നു.

പിൻവാതിലൂടെ പത്തനാപുരത്ത്‌ സ്ഥാനാർഥിയാകാൻ ചാമക്കാല ‌ ശ്രമിക്കുകയാണെന്ന്‌ അഞ്ചൽ സോമൻ ആരോപിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ചുമതല ഉണ്ടായിരുന്ന സ്വന്തം വാർഡിൽ പോലും യുഡിഎഫ്‌ സ്ഥാനാർഥിയെ ജയിപ്പിക്കാൻ ‌കഴിഞ്ഞില്ല. അഞ്ചലിലും ഇടമുളയ്‌ക്കലിലും യുഡിഎഫിന്റെ തകർച്ചയ്‌ക്കു‌ പ്രധാന കാരണം ചാമക്കാലയാണ്‌. കോൺഗ്രസിനെ മൂന്നാം സ്ഥാനത്ത്‌ എത്തിച്ചതിൽ ഇയാൾക്കു‌ പങ്കുണ്ട്‌. പത്തനാപുരത്തേക്ക്‌ ‌തൽക്കാലം താമസം മാറ്റിയാൽ മാത്രം ഇവിടെയുള്ളവരുടെ മനസ്സ്‌‌ മാറില്ല.

കെപിസിസി ഭാരവാഹിത്വം ചാമക്കാല നേടിയതും പിൻവാതിലിലൂടെയാണ്‌. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുനലൂരിൽ യുഡിഎഫ്‌ സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചത്‌ പിന്നീട്‌ നേതൃത്വത്തിന്‌ ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും അഞ്ചൽ സോമൻ കത്തിൽ ആരോപിക്കുന്നു.

കേരള കോൺഗ്രസ്‌ ബിയിൽനിന്ന്‌ കോൺഗ്രസിലെത്തിയ ശരണ്യാ മനോജിനെ പത്തനാപുരത്ത്‌ സ്ഥാനാർഥിയാക്കാൻ കൊടിക്കുന്നിൽ സുരേഷ്‌ എംപി ചരടുവലിക്കുന്നുണ്ട്‌.