രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കുന്നതായി ജയിൽ മോചിതയായ എഐഎഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി. കെ. ശശികല.
ഇനി തമിഴ് രാഷ്ട്രീയത്തിലേക്കില്ലെന്നും എഐഎഡിഎംകെ പ്രവർത്തകർ ഒരുമിച്ച് നിൽക്കണെമെന്നും ശശികല പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. തമിഴ്നാട്ടിൽ ഏപ്രിൽ 6ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഏറെ സുപ്രധാനമായ രാഷ്ട്രീയ തീരുമാനമാണ് ശശികല എടുത്തിരിക്കുന്നത്.
“ജയലളിത ജീവിച്ചിരുന്നപ്പോഴും താൻ അധികാരത്തിനായി ആഗ്രഹിച്ചിട്ടില്ല. അവരുടെ മരണശേഷവും അതിന് താൽപര്യമില്ല. തൻറെ പാർട്ടി ജയിക്കാൻ വേണ്ടി പ്രാർഥിക്കും. ജയലളിതയുടെ പാരമ്പര്യം തമിഴ്നാട്ടിൽ നില നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും ശശികല പറഞ്ഞു.” പ്രിൻറ് ചെയ്തെടുത്ത കത്തിലാണ് ശശികലയുടെ പരാമർശം.
തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിൽ ശശികല ഉറപ്പായും മത്സരിക്കുമെന്ന് അവരുടെ അനന്തരവൻ ടി.ടി.വി. ദിനകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ശശികലയുടെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.
അനധികൃത സ്വത്തു സമ്പാദന കേസിൽ അറസ്റ്റിലായ ശശികല നാലു വർഷത്തെ ജയിൽവാസത്തിനു ശേഷം ഫെബ്രുവരിയിലാണ് ചെന്നൈയിൽ തിരികെയെത്തിയത്.