പെൺകുട്ടികൾക്ക് നരകമായി ഉത്തർപ്രദേശ്‌, പീഡനം ചെറുത്ത പെൺകുട്ടിയെ കൊന്ന്‌ കുഴിച്ചുമൂടി

0
77

പെൺകുട്ടികൾക്ക് നരകമായി ഉത്തർപ്രദേശ്‌ സംസ്ഥാനം. പെൺകുട്ടികൾക്കെതിരെ അതിക്രമങ്ങൾ വർധിക്കുന്ന ഉത്തർപ്രദേശിൽ പീഡനം ചെറുത്ത പെൺകുട്ടിയെ കൊന്ന്‌ കുഴിച്ചുമൂടി. ബുലന്ദ്‌ശഹറിൽ ആണ് അതിക്രൂരമായ സംഭവം നടന്നത്.

കേസിൽ 22 കാരനായ ഹരേന്ദ്ര എന്നയാളെ ഷിംലയിൽ നിന്ന്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. ഇയാളുടെ വീടിനടുത്ത്‌ ഒരു കുഴിയിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.

ഫെബ്രുവരി 25ന്‌ ആണ്‌ അപൂപ്‌ശഹറിലെ വീട്ടിൽ നിന്ന്‌ പെൺകുട്ടിയെ കാണാതായത്‌. പൊലീസിന്‌ നൽകിയ പരാതിയിൽ പെൺകുട്ടിയുടെ അച്ഛൻ ഹരേന്ദ്രയെ സംശയമുണ്ടെന്ന്‌ പറഞ്ഞിരുന്നു. ഇയാൾ വീട്ടിൽ ഒറ്റയ്‌ക്കാണ്‌ കഴിഞ്ഞിരുന്നത്‌. പെൺകുട്ടിയുടെ കുടുംബവുമായി പരിചയമുണ്ടായിരുന്നതായും കുട്ടി ഇയാളുടെ വീട്ടിൽ പോയിരുന്നതായും പൊലീസ്‌ പറഞ്ഞു. ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ നിലവിളിച്ച പെൺകുട്ടിയെ പ്രതി കഴുത്ത്‌ ഞെരിച്ച്‌ കൊല്ലുകയായിരുന്നു.

അതേസമയം ബന്ദ ജില്ലയിലെ ബാബെറുവിൽ എട്ടുവയസ്സുള്ള ദളിത്‌ പെൺകുട്ടിയെ 70കാരൻ പീഡിപ്പിച്ചു. ചൊവ്വാഴ്‌ച വൈകിട്ടാണ്‌ സംഭവം. വീട്ടിനടുത്ത്‌ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പെൺകുട്ടി. കുട്ടിക്ക്‌ കാഴ്‌ചയ്‌ക്ക്‌ ബുദ്ധിമുട്ടുള്ളതായും പൊലീസ്‌ പറഞ്ഞു. ജഗദീഷ്‌ പാൽ എന്നയാളെ‌ അറസ്റ്റ്‌ ചെയ്‌തു‌. പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹാഥ്‌രസിൽ ബലാത്സംഗത്തിന്‌ ഇരയായ പെൺകുട്ടിയുടെ അച്ഛനെ പ്രതി വെടിവച്ചുകൊന്ന സംഭവത്തിൽ രാജ്യം നടുങ്ങിയിരിക്കെയാണ്‌ സംസ്ഥാനത്ത്‌ പെൺകുട്ടികൾക്കെതിരെ വീണ്ടും അതിക്രമങ്ങൾ. എല്ലാ കുറ്റകൃത്യങ്ങളുടെയും കേന്ദ്രമായി യുപി മാറിയെന്നും കുറ്റകൃത്യങ്ങൾ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും ബിഎസ്‌പി നേതാവ്‌ മായാവതി വിമർശിച്ചു.

യോഗി ആദിത്യനാഥ്‌ സർക്കാർ നിയമപാലനത്തിൽ പരാജയപ്പെട്ടുവെന്നും ഓരോ ദിവസവും ഒരു കുടുംബമല്ലെങ്കിൽ മറ്റൊരു കുടുംബം നീതിക്കായി നിലവിളിക്കുകയാണെന്നും‌ കോൺഗ്രസ്‌ നേതാവ്‌ പ്രിയങ്ക ഗാന്ധി പറഞ്ഞു. എന്നാൽ ഹാഥ്‌രസിലെ പ്രതി സമാജ്‌വാദി പാർടിക്കാരനാണെന്ന്‌ ആദിത്യനാഥ്‌ ആരോപിച്ചു.