സോറി ട്ടോ, അല്പം വ്യക്തിപരം… മനോരമ കണ്ട് മനം പിരട്ടീട്ടാ

0
103
  • കെ വി

വ്യക്തിപരമായ കാര്യങ്ങൾ എഴുതി ബോറടിപ്പിക്കുന്നതായി തോന്നരുത് ട്ടോ . മുൻകൂർ ജാമ്യത്തിന് അപേക്ഷിക്കുകയാണ്.
കോൺഗ്രസ്സിലെ ഉന്നതനായ ഒരു നേതാവ് ഒരിക്കൽ സ്വകാര്യമായി പറഞ്ഞത് വെച്ച് തുടങ്ങട്ടെ. ” തെരഞ്ഞെടുപ്പുകാലമായാൽ ഞാൻ ആദ്യം നോക്കുക ദേശാഭിമാനിയാണ് . ഞങ്ങൾ മറുപടി പറയേണ്ടത് എന്തിനൊക്കെയാണെന്ന് അറിയണമല്ലോ… ബാക്കിയൊക്കെ വളരെ എളുപ്പമാണ് ” . എത്ര ശരിയാണ് അദ്ദേഹം പറഞ്ഞത് – മറ്റു പ്രധാന ദിനപത്രങ്ങളെല്ലാം യു ഡി എഫിനെ അനുകൂലിക്കുന്നവയാണല്ലോ .

രാഷ്ടീയത്തിൽ പ്രചാരണത്തെയും പ്രത്യാക്രമണത്തെയുംപോലെ ഊന്നേണ്ടതാണല്ലോ പ്രതിരോധത്തിലും. അക്കാര്യത്തിൽ നല്ല ധാരണയുള്ള ആളാണ് മേൽ സൂചിപ്പിച്ച മുതിർന്ന നേതാവ്. അതുകൊണ്ടുതന്നെ ആ സംഭാഷണശകലം എനിക്കും ഒരു പാഠമായി. ഇടതുപക്ഷ അനുഭാവമുള്ള പത്രപ്രവർത്തകനെന്ന നിലയ്ക്ക് , തെരഞ്ഞെടുപ്പുവേളയാവുമ്പോൾ ആദ്യം വായിക്കുന്ന പത്രമായി മലയാള മനോരമയെ ഞാൻ പതിവാക്കിയത് അങ്ങനെയാണ്. ജമാ അത്തെ ഇസ്ലാമിയുടെ ആശയങ്ങൾ പിന്തുടരുന്ന “മാധ്യമം ” പത്രമാണ് പിന്നെ നോക്കുക. അതോടെ ഇടതുപക്ഷ വിരുദ്ധ പ്രഭാതവാർത്തകളുടെ ഏകദേശരൂപം പിടികിട്ടും.

മാധ്യമ ധാർമികത തൊട്ടുതീണ്ടിയിട്ടില്ലെങ്കിലും ഉയർന്ന പ്രൊഫഷനൽ രീതിയിൽ തയ്യാറാക്കുന്ന ദിനപത്രമാണ് മനോരമ. ഏത് തെരഞ്ഞെടുപ്പ് വരുമ്പോഴും വളരെ മുൻകൂട്ടി അതിൽ രാഷ്ടീയ എഡിറ്റർമാരുടെയും മുഖ്യലേഖകരുടെയും യോഗം വിളിച്ചുചേർത്ത് ഒരുക്കം തുടങ്ങും. അവരുടെ നിർദേശമനുസരിച്ച് രൂപീകരിക്കുന്ന ഇലക് ഷൽ സ്പെഷൽ ഡെസ്ക്കാണ് തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുക. ഇതിൻ്റെ ഭാഗമായി യു ഡി എഫിന് വേണ്ട പ്രചാരണ വിഷയങ്ങൾക്ക് വിദഗ്ധ ചർച്ചയിലൂടെ രൂപം നൽകും. അത്തരം ലേഖനങ്ങളും വാർത്തകളും പടച്ചു പുറത്ത് വിടുന്നതിനുമുണ്ട് പ്രത്യേക രീതി.

പതികാലത്തിൽനിന്ന് മൃദുവായ തുടക്കത്തോടെ പല കൂറുകൾ കടന്ന് ഗണപതിക്കൈകളിൽ മുറുകുന്ന തായമ്പകയില്ലേ. അതുപോലെ ഇടതുപക്ഷ വിരുദ്ധസൃഷ്ടികളുടെ ഉള്ളടക്കവും എണ്ണവും മയപ്പെട്ട നിലയിൽനിന്ന് രൂക്ഷമായി തെരഞ്ഞെടുപ്പ് അടുക്കുംതോറും പെരുകിവരും . എൽ ഡി എഫ് സർക്കാരിനെതിരെ ഈയിടെയായി പ്രവഹിക്കുന്ന മനോരമവാർത്തകൾ മാത്രം നിരീക്ഷിച്ചാൽ മതി ഇത് ബോധ്യപ്പെടാൻ. 2021 മാർച്ച് 3- ലെ ഈ പത്രത്തിൻ്റെ ഒന്നാം പേജിൻ്റെ താഴേ പകുതി സാംപിളായി ഇവിടെ ചേർത്തത് ശ്രദ്ധിക്കുമല്ലോ. ഇതേ പോലുള്ള 19 ബഹുകോളം വാർത്തകളുണ്ട് ഈ ഒറ്റ ദിവസത്തിൽ ; ലഘു പ്രാദേശിക ഇനങ്ങളും പടങ്ങളും വേറെയും. (തിരുവനന്തപുരം എഡിഷൻ)

മാർച്ച് 3 ബുധനാഴ്ചയിലെ മലയാള മനോരമ പത്രം
മാർച്ച് 3 ബുധനാഴ്ചയിലെ മലയാള മനോരമ പത്രം

യു ഡി എഫിന് തെരഞ്ഞെടുപ്പ് വിജയം നേടിക്കൊടുക്കാൻ 2001 ൽ മനോരമ എഴുതി പ്രചരിപ്പിച്ച നാദാപുരം തെരുവംപറമ്പ് വ്യാജ ബലാൽസംഗ വാർത്ത ഓർമ്മയില്ലേ. ഈന്തുള്ളതിൽ ബിനു എന്ന നിരപരാധിയായ ഡി വൈ എഫ് ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതും ആ പച്ചക്കള്ളത്തെ തുടർന്നായിരുന്നു. പക്ഷേ, മദ്ധ്യവയസ്സ് പിന്നിട്ട ആ സ്ത്രീ പിന്നീട് സത്യം വെളിപ്പെടുത്തി – തന്നെ ആരും ഉപദ്രവിച്ചിട്ടില്ല എന്ന് . കെട്ടുകഥയാണെന്ന് കണ്ടെത്തി കോടതിയും കേസ് തള്ളി . എന്നാൽ അതിനിടെ, നാദാപുരത്ത് ലീഗിനെ പിന്തള്ളാൻ മത്സരിച്ച എസ് ഡി പി ഐ ക്കാർ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി ബിനുവിനെ കൊലപ്പെടുത്തുകയുണ്ടായി.

വഴിത്തർക്കത്തെച്ചൊല്ലിയുള്ള വിരോധമുള്ളതിനാൽ ബിനുവിനെതിരെ, വീട്ടിനടുത്ത് താമസിക്കുന്ന സ്ത്രീ പൊലീസിൽ പരാതിപ്പെട്ടിരുന്നു. യു ഡി എഫ് നേതാക്കൾ ഇടപെട്ട് അത് “ബലാൽസംഗ ” കേ സാക്കി മാറ്റുകയായിരുന്നു. അതിൻ്റെ മറവിൽ , മുസ്ലീംകൾക്കെതിരെ മാർക്സിസ്റ്റക്രമം എന്ന് തോന്നിക്കുമാറ് നുണവാർത്താ പരമ്പര രചിക്കുകയും ചെയ്തു മനോരമ .

കഴിഞ്ഞ ദിവസം യു ഡി എഫ് പത്രം പ്രസിദ്ധീകരിച്ച “വിവാദ പി ആർ കമ്പനി “യെ സംബന്ധിച്ച വാർത്തവരെ കരുതിക്കൂട്ടി തെറ്റിദ്ധാരണ വളർത്താനുള്ള വ്യാജ നിർമിതിയാണ്. സർക്കാരിൻ്റെ വികസന – ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണത്തിന് പൊതുജനസമ്പർക്ക വകുപ്പ് പരസ്യ ഏജൻസികളെ നിയോഗിക്കുന്നത് ഇതാദ്യമല്ല. ടെൻഡറിൽ പങ്കെടുക്കുന്ന സ്ഥാപനത്തിൻ്റെ കാര്യപ്രാപ്തിക്കൊപ്പം ക്വാട്ട് ചെയ്യുന്ന നിരക്കിലെ കുറവും നോക്കിയാണ് കരാർ ഉറപ്പിക്കുക. അതേ നടപടിക്രമങ്ങൾ പാലിച്ചാണ് പി ആർ ഡി യുടെ ഇതേവരെയുള്ള നവമാധ്യമച്ചുമതലകൾ ഏല്പിച്ചതും.

പി ആർ ഏജൻസികളുടെ രാഷ്ട്രീയ ചായ് വാകട്ടെ ബേൻഡ് വാദ്യസംഘങ്ങളുടേതിന് തുല്യമാണെന്ന് ആർക്കാണറിയാത്തത്. അതത് ദിവസങ്ങളിൽ പ്രകടനത്തിന് വിളിക്കുന്ന കക്ഷികളുടെ കൊടിയുടെ നിറങ്ങളിലുള്ള യൂനിഫോം ആണല്ലോ ബേൻഡ് സംഘം ധരിക്കുക. കോൺഗ്രസാണെങ്കിൽ ത്രിവർണ പതാക മാതൃക. മുസ്ലീംലീഗിൻ്റേതിന് പച്ച ; കമ്യൂണിസ്റ്റ് പാർട്ടികളാകുമ്പോൾ ചുവപ്പ്. അതിലപ്പുറം പ്രൊഫഷനൽ ബേൻഡ് സംഘങ്ങൾക്കെന്ത് രാഷ്ട്രീയപക്ഷപാതം…! ഇതൊന്നും മനോരമ റിപ്പോർട്ടർമാർക്ക് നിശ്ചയമില്ലാഞ്ഞിട്ടല്ല.

മാർച്ച് 3 ബുധനാഴ്ചയിലെ മലയാള മനോരമ പത്രം

തൊടുന്നതിലെല്ലാം ഇടതുപക്ഷവിരോധം കുത്തിക്കലർത്തുകയാണ്. സി പി ഐ – എമ്മിൻ്റെ രണ്ട് പ്രവർത്തകരെ കോൺസ്സുകാർ വെട്ടിക്കൊന്ന വെഞ്ഞാറമൂട് ഇരട്ടക്കൊല കേസിൽ ഫോറൻസിക് റിപ്പോർട്ടുമായി ബന്ധപ്പെട്ടടക്കം നട്ടാൽ മുളയ്ക്കാത്ത നുണയല്ലേ ഒരാഴ്ചമുമ്പ് മനോരമ എഴുതിപ്പരത്തിയത്. രാഷ്ട്രീയഗുഢാലോചന അന്വേഷിക്കൽ ഫോറൻസിക് വിഭാഗത്തിൻ്റെ പരിധിയിൽ വരുന്നതല്ലെന്ന് അവർക്ക് അറിയാഞ്ഞിട്ടാണോ …

മൊബൈൽ ഫോൺ കാളുകൾ , വീഡിയോദൃശ്യങ്ങൾ എന്നിവയുടെ ഏത് പരിശോധനാഫലവും സാക്ഷിമൊഴികളുടെകൂടി പിൻബലത്തിൽ വിചാരണക്കോടതി സ്വീകരിച്ചാലേ ആധികാരികതയുള്ളതാവൂ. എന്നിട്ടും വസ്തുതകൾ മറച്ചുവെച്ച് പെരുംനുണ മെനഞ്ഞ പത്രം കൊലയാളികൾക്ക് കൂട്ടുനിൽക്കുകയായിരുന്നില്ലേ. കൊല്ലപ്പെട്ട സഖാക്കളുടെ കടുംബം നൽകിയ വിശദീകരണക്കുറിപ്പുപോലും അവഗണിച്ച അവർക്കെന്ത് നീതിബോധം …!

എന്തിനേറെ, നാടിൻ്റെ വികസന പ്രവൃത്തികളുടെ വാർത്തകളിൽ വരെ വിഷം ചേർത്ത് അവമതിപ്പുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട് മനോരമയും “മാധ്യമ “വും. കിഫ്ബി മുഖേന ഫണ്ട് ലഭ്യമാക്കുന്ന പദ്ധതികളാണെങ്കിൽ അധിക്ഷേപത്തിന് അതിരില്ലതാനും.