സ്വകാര്യ ഭാഗങ്ങളിൽ ചവിട്ടിയും വടികൊണ്ട്‌ കുത്തിയും കടുത്ത പീഡനം ;ജയിലനുഭവങ്ങൾ പങ്കുവെച്ച് നവ്ദീപ് കൗർ

0
76

‘നീ ദളിതയാണ്‌. അതിനനുസരിച്ച്‌ പെരുമാറണം. ഓടകൾ വൃത്തിയാക്കലാണ്‌ നിന്റെ പണി. വലിയ ആളുകൾക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ ആരാണ്‌ നിനക്ക്‌ അധികാരം തന്നത്‌’–- സ്വകാര്യ ഭാഗങ്ങളിൽ ചവിട്ടിയും വടികൊണ്ട്‌ കുത്തിയും പീഡിപ്പിക്കുന്നതിനിടെ 23 കാരിയായ നവ്‌ദീപ്‌ കൗറിനോട്‌ ഹരിയാന പൊലീസ്‌ ആക്രോശിച്ചതിങ്ങനെ.

കർഷകപ്രക്ഷോഭത്തെ പിന്തുണച്ചതിന്റെ പേരിലാണ്‌ ഈ തൊഴിലാളി പ്രവർത്തകയെ കൊലപാതക കുറ്റമടക്കം ചുമത്തി അറസ്‌റ്റുചെയ്‌തത്‌. ഒന്നര മാസത്തോളം ജയിലിൽ കഴിഞ്ഞ നവ്‌ദീപിന്‌ കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചു.

കർഷകസമര വേദികളിൽ വീണ്ടും സജീവമായ നവ്‌ദീപ്‌ മാധ്യമങ്ങളോട്‌‌ ജയിലനുഭവങ്ങള്‍ വിവരിച്ചു‌. ജനുവരി 12ന്‌ കസ്‌റ്റഡിയിലെടുത്ത പൊലീസ്‌ ആദ്യം കൊണ്ടുപോയത് കുണ്ട്‌ലി പൊലീസ്‌ സ്‌റ്റേഷനിലേക്ക്. വനിതാ പൊലീസുണ്ടായിരുന്നില്ല. മുടിയിൽ കുത്തിപ്പിടിച്ച്‌ വലിച്ചിഴച്ച്‌ വാനിൽ കയറ്റി‌ മർദിച്ചു. സ്വകാര്യഭാഗങ്ങളിൽ ബൂട്ടിട്ട്‌ ചവിട്ടി, ലാത്തികൊണ്ട്‌ കുത്തി. ചോര വാർന്നു. നാലുപൊലീസുകാർ ദേഹത്ത്‌ കയറിയിരുന്ന്‌ പീഡിപ്പിച്ചു. ദിവസങ്ങളോളം നടക്കാനായില്ല.

രാത്രിയിൽ സോനിപ്പത്ത്‌ സ്റ്റേഷനിലേക്ക്‌. രണ്ടുദിവസം മുറിയിൽ അടച്ചു. പീഡനം തുടർന്നു. ദേഹത്ത്‌ എല്ലായിടത്തും മുറിപ്പാടുകളായി. എന്നിട്ടും മെഡിക്കൽ റിപ്പോർട്ട്‌ തയ്യാറാക്കിയില്ല. രണ്ടാഴ്‌ച കഴിഞ്ഞാണ്‌ കോടതി മെഡിക്കൽ പരിശോധന അനുവദിച്ചത്‌.

ദളിത്‌ എന്ന നിലയിൽ പെരുമാറണമെന്ന്‌ പൊലീസ്‌  ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ‘ഞാൻ ട്രേഡ്‌യൂണിയൻ പ്രവർത്തകയാണ്‌. തൊഴിലാളികളും കർഷകരും കൈകോർത്താൽ അടിച്ചമർത്തൽ എളുപ്പമല്ലെന്ന തിരിച്ചറിവ്‌ സർക്കാരിനുണ്ട്‌. അതുകൊണ്ടാണ്‌  കൊലപാതകം അടക്കമുള്ള കുറ്റം ചുമത്തിയത്‌. പ്രതിഷേധിക്കുന്നവർക്ക്‌ എതിരെയെല്ലാം യുഎപിഎ ചുമത്തുന്നു. ഇപ്പോൾ ശബ്‌ദിച്ചില്ലെങ്കിൽ പിന്നെ ഒന്നുമുണ്ടാവില്ല’–-  നവ്‌ദീപ്‌ കൗര്‍ പറഞ്ഞു.