അക്സർ പട്ടേലിനു നാല് വിക്കറ്റ്; ഇംഗ്ലണ്ട് 205നു പുറത്ത്

0
124

ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് 205 റൺസിനു പുറത്ത്. ബെൻ സ്റ്റോക്സ് (55), ഡാനിയൽ ലോറൻസ് (46) എന്നീ താരങ്ങൾക്ക് മാത്രമേ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞുള്ളൂ. ഇംഗ്ലണ്ട് നിരയിൽ ആകെ അഞ്ച് പേർ മാത്രമേ രണ്ടക്കം കടന്നുള്ളൂ. ഇന്ത്യക്കായി അക്സർ പട്ടേൽ 4 വിക്കറ്റ് വീഴ്ത്തി. അശ്വിൻ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് 2 വിക്കറ്റും വീഴ്ത്തി. ബാക്കിയുള്ള ഒരു വിക്കറ്റ് വാഷിംഗ്ടൺ സുന്ദർ സ്വന്തമാക്കി.

30 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടമായി വൻ തകർച്ച നേരിട്ട ഇംഗ്ലണ്ടിനെ ജോണി ബെയർസ്റ്റോയും ബെൻ സ്റ്റോക്സും ചേർന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. 48 റൺസ് നീണ്ട കൂട്ടുകെട്ടിനു ശേഷം ബെയർസ്റ്റോ (28) പുറത്തായി. അഞ്ചാം വിക്കറ്റിൽ ഒലി പോപ്പുമായി ചേർന്ന് വീണ്ടും സ്റ്റോക്സ് ഇന്ത്യൻ പാളയത്തിലേക്ക് പട നയിച്ചു.

43 റൺസാണ് ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. എന്നാൽ, 55 റൺസെടുത്ത് സ്റ്റോക്സ് പുറത്തായതോടെ വീണ്ടും ഇംഗ്ലണ്ട് പ്രതിസന്ധിയിലായി. ആറാം വിക്കറ്റിൽ ഒലി പോപ്പ്- ഡാനിയൽ ലോറൻസ് സഖ്യവും തരക്കേടില്ലാത്ത കൂട്ടുകെട്ടുയർത്തി. 45 റൺസായിരുന്നു ഈ കൂട്ടുകെട്ടിൽ പിറന്നത്. പോപ്പ് (29) പുറത്തായതിനു പിന്നാലെ എത്തിയ ബെൻ ഫോക്സ് (1) വേഗം പുറത്തായതോടെ വാലറ്റത്തെ കൂട്ടുപിടിച്ച് സ്കോർ ചെയ്യാനായി ലോറൻസിൻ്റെ ശ്രമം.വേഗത്തിൽ സ്കോർ ചെയ്യാനുള്ള ശ്രമത്തിനിടെ ലോറൻസിനും (46) വിക്കറ്റ് നഷ്ടമായി. ഏറെ ചെറുത്തുനില്പുകൾ ഇല്ലാതെ വാലറ്റം കീഴടങ്ങി.