സ്വേച്ഛാധിപത്യത്തിലേക്ക് , ‘സ്വതന്ത്ര’ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് പുറത്തായി ഇന്ത്യ : ഫ്രീഡം ഹൗസ് റിപ്പോർട്ട്

0
106

“സ്വതന്ത്ര” രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടാതെ ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യമായ ഇന്ത്യ. അമേരിക്കയുടെ നിയന്ത്രണത്തിനുള്ള ഫ്രീഡം ഹൗസ് വാച്ച്ഡോഗ് റിപ്പോർട്ടിലാണ് ഇന്ത്യയെ തരംതാഴ്ത്തിയത്.

2014 ൽ നരേന്ദ്ര മോദി അധികാരത്തിലേറിയതിനു ശേഷം രാജ്യത്ത് അവകാശങ്ങളും പൗര സ്വാതന്ത്ര്യവും നാശത്തിന്റെ പാതയിലാണെന്ന് സംഘടന പറയുന്നു.

ഫ്രീഡം ഹൗസ് ഏറ്റവും പുതിയ റിപ്പോർട്ടിൽ ഇന്ത്യയെ “ഭാഗികമായി സ്വതന്ത്ര” വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കപ്പെടുന്നുവെന്നും സ്വാതന്ത്ര്യം ഇല്ലാതാകുന്നുവെന്നതും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ പാർട്ടിയും ഇന്ത്യയെ സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കുന്നുവെന്നും ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

ഹിന്ദു ദേശീയ താൽപ്പര്യങ്ങൾ ഉയർത്തുകയാണ് ഭരണകുടം ചെയ്യുന്നതെന്നും മുസ്ലീം ജനതയെ ബാധിക്കുന്ന വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്കും വിവേചനപരമായ നയങ്ങൾക്കും ഹിന്ദു ദേശീയ ഗവൺമെന്റും സഖ്യകക്ഷികളും കൂട്ടായി പ്രവർത്തിക്കുന്നുവെന്നും ഫ്രീഡം ഹൗസ് വ്യക്തമാക്കുന്നു.

ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നതിനാൽ, സ്വതന്ത്ര രാഷ്ട്രങ്ങളുടെ ഉയർന്ന റാങ്കുകളിൽ നിന്ന് രാജ്യം വീണുപോയതിനാൽ ഇത് ആഗോള ജനതിപത്യ നിലവാരത്തിൽ പ്രത്യാഘാതമുണ്ടാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

മോദിയുടെ ഭരണം ആരംഭിച്ച ശേഷം രാഷ്ട്രീയ അവകാശങ്ങളിലും പൗരസ്വാതന്ത്ര്യത്തിലും തകർച്ച സംഭവിച്ചിട്ടുണ്ട്. മനുഷ്യാവകാശ സംഘടനകൾക്കു മേൽ വർധിച്ച സമ്മർദമുണ്ട്. അക്കാദമീഷ്യന്മാരെയും മാധ്യമപ്രവർത്തകരെയും ഭീഷണിപ്പെടുത്തുന്നു. മുസ്‌ലിംകളെ ലക്ഷ്യമിട്ട് ആൾക്കൂട്ടക്കൊല അടക്കമുള്ള ആക്രമണങ്ങൾ അരങ്ങേറുന്നു- റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

ഉരുക്കുമുഷ്ടിയോടെയാണ് കോവിഡ് മഹാമാരിക്കെതിരെ ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്. ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ ഇത് അപകടരമായി ബാധിച്ചു. കോവിഡ് വൈറസ് പടർന്നതിന്റെ പേരിൽ മുസ്‌ലിംകൾക്കെതിരെ കുറ്റപ്പെടുത്തലുകൾ നടന്നു. ലവ് ജിഹാദും റിപ്പോർട്ടിൽ പരാമർശവിധേയമാകുന്നുണ്ട്. വിവാദമായ ലവ് ജിഹാദ് നിയമത്തിൽ നിരവധി മുസ്‌ലിം യുവാക്കളാണ് അറസ്റ്റിലായതെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തി.

ഇന്ത്യയിലെ മുസ്‌ലിംകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ, രാജ്യദ്രോഹ നിയമത്തിന്റെ ഉപയോഗം, ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാരിന്റെ കോവിഡ് പ്രതിരോധം തുടങ്ങിയ വിഷയങ്ങൾ പരാമർശിച്ചാണ് സംഘടനയുടെ വാർഷിക റിപ്പോർട്ടിൽ ഇന്ത്യയെ തരംതാഴ്ത്തിയത്.

സ്വതന്ത്ര രാജ്യങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്കോർ 71 ൽ നിന്നും 67 ലേക്ക് താഴ്ന്നു. ഏറ്റവും സ്വതന്ത്രമായ രാജ്യത്തിനുള്ള സ്കോർ നൂറാണ്. 211 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 83 ൽ നിന്നും 88 ആയി കുറഞ്ഞു.ഈ വർഷത്തെ തങ്ങളുടെ റിപ്പോർട്ടിലെ ഏറ്റവും പ്രധാനമായ കാര്യം ഇന്ത്യയുടെ ഈ മാറ്റമാണെന്നും സംഘടന പറയുന്നു.

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ തന്റെ ആദ്യത്തെ വിദേശ നയ പ്രസംഗത്തിൽ ഫ്രീഡം ഹൗസിന്റെ റിപ്പോർട്ടിനെ ഗൗരവകരമുള്ളതെന്ന് എന്ന് വിശേഷിപ്പിച്ചു.ഇന്ത്യയുടെ മാറ്റം ആഗോളതലത്തിൽ ആശങ്കയുണ്ടാക്കുന്നുവെന്നും അമേരിക്ക വ്യക്തമാക്കി.

1941 മുതൽ ജനാധിപത്യം, രാഷ്ട്രീയ സ്വാതന്ത്ര്യം, മനുഷ്യാവകാശം എന്നിവയെക്കുറിച്ച് ഗവേഷണവും വാദവും പഠനം നടത്തിക്കൊണ്ടിരിക്കുന്ന വാഷിംഗ്ടൺ ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സർക്കാരിതര സംഘടനയാണ് ഫ്രീഡം ഹൗസ്.

സ്വതന്ത്ര രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഇന്ത്യ പുറത്ത് രാജ്യം സ്വേച്ഛാധിപത്യത്തിലേക്കെന്നു പഠനം