തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പുതുച്ചേരി മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഇ.വത്സരാജ്

0
80

തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന് പുതുച്ചേരി മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഇ.വത്സരാജ്. പുതുച്ചേരി രാഷ്ട്രീയമായി നിർണായകമായ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുമ്പോഴാണ് ഇ. വത്സരാജ് ഇങ്ങനൊരു നിലപാടെടുത്തത്.

മാഹി മണ്ഡലത്തിൽ ഏഴ് തവണ മത്സരിച്ചതിൽ ആറ് തവണയും വിജയിച്ച വത്സരാജ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയായിരുന്നു. ഇത്തവണ ചെറുപ്പക്കാർക്ക് അവസരം നൽകി അവരെ വിജയിപ്പിക്കാൻ ശ്രമിക്കുമെന്ന് ഇ.വത്സരാജ് പറഞ്ഞു. മാഹിയിൽ നിന്ന് പുതുച്ചേരി മന്ത്രിസഭയിൽ എത്തിയ ആദ്യ നേതാവാണ് വത്സരാജ്.

എംഎൽഎമാർ കൂട്ടത്തോടെ രാജിവെച്ചതിനാൽ പുതുച്ചേരിയിൽ അധികാരം നഷ്ടപ്പെട്ട കോൺഗ്രസിന് വരുന്ന തെരഞ്ഞെടുപ്പ് നിർണായകമാണ്. വത്സരാജ് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചതോടെ മാഹിയിൽ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താൻ കോൺഗ്രസ് ശ്രമം തുടങ്ങി.