അ‌ഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് നടപടികൾക്ക് തുടക്കം

0
105

അ‌ഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് നടപടികൾക്ക് തുടക്കം. അസമിലെയും പശ്ചിമബംഗാളിലെയും ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക മറ്റന്നാൾ പുറത്തിറക്കും.

അസമിലെ 47 സീറ്റുകളിലേക്കും പശ്ചിമ ബംഗാളിലെ 30 സീറ്റുകളിലേക്കുമുള്ള വിജ്ഞാപനമാണ് പുറത്തിറക്കിയത്. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം മാർച്ച് ഒമ്പതിനാണ്. ആദ്യ ഘട്ട വോട്ടെടുപ്പ് മാർച്ച് 27നും. പശ്ചിമ ബംഗാളിൽ കിഴക്കൻ മെദിനിപുർ പശ്ചിമ മെദിനിപ്പൂർ, ജാർഗ്രാം മേഖലകളിലാണ് ആദ്യ രണ്ടു ഘട്ടങ്ങളിലെ വോട്ടെടുപ്പ്. ഒരു ജില്ലയിലെ തന്നെ മണ്ഡലങ്ങളെ രണ്ടു ഘട്ടങ്ങളിലാക്കിയാണ് ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നീക്കം. നന്ദിഗ്രാം രണ്ടാം ഘട്ടത്തിൽ പോളിംഗ് ബൂത്തിലേക്ക് പോകും.

ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാൻ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ യോഗം മറ്റന്നാൾ നടക്കും. അസമിൽ ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് എൻഡിഎ വിട്ട സാഹചര്യത്തിൽ മറ്റൊരു പ്രാദേശിക പാർട്ടിയായ യുണൈറ്റഡ് പീപ്പിൾ പാർട്ടി ലിബറലിനെ ബിജെപി ഒപ്പം കൂട്ടി. ആകെയുള്ള 126ൽ 84 സീറ്റിലാണ് കഴിഞ്ഞ തവണ ബിജെപി വിജയിച്ചത്. ഇത്തവണ കൂടുതൽ സീറ്റുകളിൽ ബിജെപി മത്സരിക്കും.

തെരഞ്ഞെടുപ്പിലെ പണമൊഴുക്ക് തടയാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച പ്രത്യേക യോഗം ഇന്ന് നടന്നു. ആദായ നികുതി ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു. അർദ്ധസൈനിക വിഭാഗങ്ങളെ പൂർണ്ണമായും സംസ്ഥാനങ്ങളുടെ പരിധിക്ക് വിട്ടു കൊടുക്കേണ്ടെന്നാണ് തീരുമാനം. ഇവയുടെ വിന്യാസത്തിന് കമ്മിറ്റി രൂപീകരിച്ച് നിഷ്പക്ഷ വിന്യാസം ഉറപ്പാക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. ഏപ്രിൽ ഒന്നിലെ രണ്ടാം ഘട്ട വോട്ടെടുപ്പിന് വെള്ളിയാഴ്ച വിജ്ഞാപനം പുറത്തിറങ്ങും.

കേരളം ഉൾപ്പടെ പോളിംഗ് ബൂത്തിലേക്ക് പോകുന്നത് ഏപ്രിൽ ആറിനാണ്. പന്ത്രണ്ട് മുതലാണ് കേരളത്തിൽ പത്രിക സ്വീകരിച്ചു തുടങ്ങുന്നത്.