ജനപക്ഷ വികസനത്തിന്‌ ഇടതുപക്ഷം തുടരണം: ബൃന്ദ കാരാട്ട്

0
68

ജനവിരുദ്ധ നയങ്ങളുടെ കാര്യത്തിൽ ഒരേ നയം പിന്തുടരുന്ന കോൺഗ്രസിനും ബിജെപിക്കുമെതിരെ ജനപക്ഷ വികസനത്തിന്റെ ബദൽ ഉയർത്താൻ ഇടതുപക്ഷത്തിന്‌ കരുത്തേകണമെന്ന്‌ സിപിഐഎം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.

അടുത്തിടെ കേരളത്തിലെത്തിയ രാഹുൽ ഗാന്ധി കടലിൽ ചാടി. ട്രാക്‌ടറിൽ കയറി. യുപിഎ അധികാരത്തിലിരിക്കുമ്പോഴാണ്‌ സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട്‌ നൽകിയത്‌.  അധികാരത്തിലിരിക്കെ കർഷകർക്കായി ഒന്നും ചെയ്യാതെ‌ ഇപ്പോൾ ട്രാക്‌ടറിൽ കയറിയിട്ട്‌ എന്തുകാര്യം‌. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും വിറ്റഴിക്കലും തുടങ്ങിയതും തൊഴിലാളി വിരുദ്ധമായ തൊഴിൽ കോഡ്‌ ആദ്യം പാർലമെന്റിൽ കൊണ്ടുവന്നതും‌ യുപിഎയാണ്‌.

നിർമല സീതാരാമൻ ഇവിടെവന്ന്‌ കേരളത്തിന്റെ നയങ്ങളെ വിമർശിച്ചു. അവർ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ വിദ്യാഭ്യാസത്തിന്‌ വേണ്ടത്ര പണം നീക്കിവച്ചില്ല.  അങ്കണവാടി ജീവനക്കാർക്കും ആയമാർക്കും ഏറ്റവും ഉയർന്ന വേതനം നൽകുന്നത്‌ കേരളമാണ്‌. കോവിഡ്‌ കാലത്ത്‌ ഓൺലൈൻ വിദ്യാഭ്യാസം ഫലപ്രദമായി നടന്നതും ഇവിടെമാത്രം. കോവിഡ്‌ കാലത്ത്‌ സൗജന്യ കോവിഡ്‌ ചികിത്സ ഉറപ്പാക്കിയതും ഇവിടെമാത്രം. ഓരോ ബജറ്റിലും ക്ഷേമ പെൻഷനും കൂട്ടി–- ബൃന്ദ പറഞ്ഞു.

അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ സൂസൻ കോടി അധ്യക്ഷയായി.  എം ജി മീനാംബിക, എസ്‌ പുഷ്‌പലത,അഡ്വ.ഗീനാകുമാരി,  ജി ശാരിക, രാധാമണി എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി പി സതീദേവി സ്വാഗതവും ജില്ലാ സെക്രട്ടറി വി അമ്പിളി നന്ദിയും പറഞ്ഞു.