എൻഐഎ കേസിന്‌ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന്‌ പറഞ്ഞിട്ടില്ലെന്ന്‌ കെ സുരേന്ദ്രൻ

0
72

സ്വർണക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട എൻഐഎ കേസിന്‌ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന്‌ താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന്‌ ബി ജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ. തീവ്രവാദ ബന്ധം ഒരിക്കലും ആരോപിച്ചിട്ടില്ല. കേസിൽ സാമ്പത്തിക ആരോപണം മാത്രമാണ്‌ ഉന്നയിച്ചത്‌. സുരേന്ദ്രൻ നയിക്കുന്ന ജാഥയുടെ ഭാഗമായ വാർത്താസമ്മേളനത്തിലാണ്‌ മുൻ ആരോപണങ്ങളിൽ നിന്ന്‌ മലക്കംമറിച്ചിൽ.

എൻഐഎ കുറ്റപത്രത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയൊ മുൻ ഐ ടി സെക്രട്ടറിക്കെതിരെയൊ ചെറിയ പരാമർശംപോലും ഉന്നയിക്കാത്ത സാഹചര്യത്തിൽ ആരോപണം പിൻവലിക്കുമോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ.

ആയിരക്കണക്കിനു ക്ഷേത്രങ്ങളുടെ ഭൂമി സർക്കാർ ഏറ്റെടുത്തെന്ന ആരോപണത്തിൽ നിന്നും സുരേന്ദ്രൻ ഒഴിഞ്ഞുമാറി. ഭൂമി ഏറ്റെടുത്ത ഏതെങ്കിലും ക്ഷേത്രത്തിന്റെ പേരു പറയാമോ എന്ന്‌ വാർത്താ ലേഖകർ എടുത്തു ചോദിച്ചെങ്കിലും മറുപടി പറയാൻ തയ്യാറായില്ല എന്നു മാത്രമല്ല; ഞാൻ പറയുന്നതു അടിസ്ഥാനരഹിതമാണെന്നാണോ നിങ്ങൾ പറയുന്നതെന്നു മാത്രം തിരിച്ചുചോദിച്ചു.