കേന്ദ്രത്തിനെതിരെ കര്‍ഷക തൊഴിലാളി സംഘടനകൾ സംയുക്തയോഗം ചേർന്നു

0
71

കേന്ദ്ര സർക്കാരിനെതിരെ യോജിച്ച പ്രക്ഷോഭം നയിക്കാന്‍ കേന്ദ്ര ട്രേഡ്‌യൂണിയനുകളുടെയും കർഷകസംഘടനകളുടെയും സംയുക്ത യോഗത്തിൽ തീരുമാനം. കേന്ദ്രത്തിന്റെ കാർഷിക, തൊഴിൽ നിയമങ്ങൾ, തീവ്ര സ്വകാര്യവൽക്കരണം എന്നിവയ്ക്കെതിരെയാണ് ഒറ്റക്കെട്ടായ പ്രക്ഷോഭം.

കാർഷിക നിയമം പിൻവലിപ്പിക്കാനുള്ള‌ കർഷകപ്രക്ഷോഭങ്ങള്‍ക്ക് ട്രേഡ്‌യൂണിയനുകൾ പിന്തുണ അറിയിച്ചിരുന്നു. തൊഴിലാളികൾക്ക്‌ ദ്രോഹകരമായ നാല്‌ തൊഴിൽ നിയമം പിൻവലിപ്പിക്കാനും തീവ്രസ്വകാര്യവൽക്കരണം തടയാനും ട്രേഡ്‌യൂണിയനുകളും സമരപാതയിലാണ്‌.

സ്വകാര്യവൽക്കരണത്തിനും തൊഴിൽ നിയമങ്ങൾക്കും എതിരായ തൊഴിലാളി പ്രക്ഷോഭങ്ങൾക്ക്‌ കർഷകസംഘടനകൾ പിന്തുണ നൽകണമെന്ന്‌ തിങ്കളാഴ്‌ച സംയുക്ത യോഗത്തിൽ ട്രേഡ്‌യൂണിയൻ പ്രതിനിധികൾ അഭ്യർത്ഥിച്ചു.

ദേശീയതലത്തിൽ മോഡി സർക്കാരിനെ പ്രതിരോധത്തിലാക്കിയ കർഷകസമരം നൂറാം നാളിലേക്ക്‌ അടുക്കുകയാണ്. പ്രക്ഷോഭങ്ങള്‍ തീരുമാനിക്കാന്‍ കർഷകസംഘടനകളും ട്രേഡ്‌യൂണിയനുകളും യോ​ഗംചേരുന്നത് ഇതാദ്യം.

സംയുക്ത കിസാൻമോർച്ചയെ പ്രതിനിധാനംചെയ്‌ത്‌ ഹനൻ മൊള്ള, പി കൃഷ്‌ണപ്രസാദ്‌, ബൽബീർ സിങ്‌ രജേവാൾ, മേധ പട്‌കർ, യോഗേന്ദ്ര യാദവ്‌, ഡോ. സുനിലം തുടങ്ങിയവർ പങ്കെടുത്തു. ട്രേഡ്‌യൂണിയനുകളെ പ്രതിനിധാനംചെയ്‌ത്‌ തപൻ സെൻ, എ ആർ സിന്ധു, സഞ്‌ജിവ റെഡ്ഡി, അമർജിത്ത്‌ കൗർ, അശോക്‌ സിങ്‌, ഹർഭജൻ സിങ്‌ സന്ധു, ആർ കെ ശർമ, രാജീവ്‌ ദിമ്‌രി തുടങ്ങിയവർ പങ്കെടുത്തു.

കാർഷിക, തൊഴിൽ നിയമങ്ങളുടെ ദോഷവശത്തെക്കുറിച്ചുള്ള പ്രചാരണ പരിപാടി രാജ്യവ്യാപകമായി തുടങ്ങാന്‍ യോഗത്തിൽ ധാരണയായി. തുടർന്ന്‌ തീവ്രമായ പ്രക്ഷോഭപരിപാടികളിലേക്ക്‌ കടക്കും. തൊഴിലാളികളും കർഷകരും ചേർന്ന്‌ ഭാരത്‌ ബന്ദടക്കം ആലോചനയിലുണ്ട്‌. മഹാരാഷ്ട്രയിൽ കിസാൻസഭ സംഘടിപ്പിച്ചതിന്‌ സമാനമായി ‘ലോങ്‌ മാർച്ചു’കൾ അടക്കമുള്ള പ്രക്ഷോഭപരിപാടികളിലേക്കാണ്‌ കർഷകസംഘടനകൾ നീങ്ങുന്നത്‌.