ഇംഗ്ലണ്ടിനെതിരായ ടി20-ഏകദിന പരമ്പരയിലും ബുംറ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്

0
65

പേസര്‍ ജസ്പ്രീത് ബുംറയുടെ സേവനം ഇംഗ്ലണ്ടിനെതിരായ ടി20-ഏകദിന പരമ്പരയിലും ലഭിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. നാല് ടി20യും മൂന്ന് ഏകദിനങ്ങളുമടങ്ങുന്നതാണ് പരമ്പര. ടി20 മത്സരങ്ങളെല്ലാം അഹമ്മദാബാദിലാണ്. പൂനെയിലാണ് ഏകദിന മത്സരങ്ങള്‍. അഹമ്മദാബാദില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ നിന്ന് ബുംറയെ റിലീസ് ചെയ്തിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് ബുംറ അവധി ചോദിച്ചത്. ബുംറയ്ക്ക് കളിക്കാനയില്ലെങ്കില്‍ മറ്റു ബൗളര്‍മാരെ ഇന്ത്യക്ക് പരീക്ഷിക്കാനാവും.

അതേസമയം ബി.സി.സി.ഐയുടെ ഫിറ്റ്‌ന്‌സ് ടെസ്റ്റ് പരാജയപ്പെട്ട വരുണ്‍ ചക്രവര്‍ത്തിക്കും പരമ്പര നഷ്ടമാകും. യോയോ ടെസ്റ്റിലാണ് താരം പരാജയപ്പെട്ടത്. അഹമ്മദാബാദില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ വെറും ആറ് ഓവറുകള്‍ മാത്രമാണ് ബുംറ എറിഞ്ഞത്. സ്പിന്‍ ബൗളിങ്ങിനെ പിച്ച് വാരിപ്പുണര്‍ന്നപ്പോള്‍ ബുംറയടങ്ങുന്ന പേസ് ബൗളര്‍മാര്‍ക്ക് അത്രയെ എറിയേണ്ടി വന്നുള്ളൂ.

ഈ പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ നിന്നായി നാല് വിക്കറ്റാണ് ബുറ വീഴ്ത്തിയത്. ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ബുംറക്ക് വിശ്രമം അനുവദിക്കുകയും ചെയ്തു. ജോലിഭാരം കണക്കിലെടുത്തായിരുന്നു ബുംറക്ക് വിശ്രമം അനുവദിച്ചത്. ആ ടെസ്റ്റില്‍ മുഹമ്മദ് സിറാജാണ് അന്തിമ ഇലവനില്‍ ഇടം നേടിയത്. നാലാം ടെസ്റ്റും അഹമ്മദാബാദിലാണ് നടക്കുന്നതിനാല്‍ ബുംറയുടെ അഭാവം ഇന്ത്യക്ക് പ്രശ്‌നമാവില്ല. രവിചന്ദ്ര അശ്വിനും അക്‌സര്‍ പട്ടേലുമടങ്ങുന്ന സഖ്യം തന്നെ ഇന്ത്യയുടെ ബൗളിങ് ഡിപാര്‍ട്‌മെന്റിന് കരുത്തേകും.