ടൂൾകിറ്റ് കേസ് : മോഡി സർക്കാരിനെ വിമർശിച്ച് ‘ദ വാഷിങ്‌ടൺ പോസ്റ്റ് ’ മുഖ പ്രസംഗം

0
77

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമശനവുമായി ‘ദ വാഷിങ്‌ടൺ പോസ്റ്റ് ’ മുഖ പ്രസംഗം. ടൂൾകിറ്റ് കേസിൽ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ മോഡിസർക്കാർ ജയിലിലടച്ചതിനെ ആണ് ദ വാഷിങ്‌ടൺ പോസ്റ്റ് വിമർശിച്ചിരിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന വിശേഷണത്തിന് ഇന്ത്യ‌ക്ക്‌ അർഹതയുണ്ടോയെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ അറസ്‌റ്റെന്ന് വിഖ്യാത അമേരിക്കൻ പത്രം മുഖപ്രസംഗത്തിൽ പറയുന്നു.

22 വയസ്സുകാരിയെ ഗൂഗിൾ ഡോക്യുമെന്റ്‌(രേഖ) ഉണ്ടാക്കിയതിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സർക്കാരിനെ ജനാധിപത്യ സർക്കാരെന്ന് വിശേഷിപ്പിക്കാനാകില്ല. കർഷകപ്രക്ഷോഭം ആഗോളതലത്തിൽ ഉയർത്തിക്കാട്ടിയതാണ്‌ രാജ്യദ്രോഹമെങ്കിൽ, ജയിലിലിടുന്നതാണ് നല്ലതെന്ന്‌ -ദിഷ കോടതിയിൽ പ്രഖ്യാപിച്ചു.

മോഡി സർക്കാരിന്റെ അവകാശ ലംഘനങ്ങളുടെ ഒടുവിലെ ഉദാഹരണമാണ് അറസ്റ്റ്. കർഷക പ്രക്ഷോഭം റിപ്പോർട്ട് ചെയ്ത നിരവധി മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തു.

പ്രക്ഷോഭവുമായി ബന്ധപ്പെട്ട നൂറുകണക്കിന് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ട്വിറ്ററിൽ സമ്മർദം ചെലുത്തി. മുഖ്യധാരാ മാധ്യമങ്ങളിൽ ഭൂരിപക്ഷത്തെയും ഭീഷണിപ്പെടുത്തി ‘സ്വയം സെൻസർ ‘ ചെയ്യാൻ നിർബന്ധിതരാക്കി.

ഇന്ദിര ഗാന്ധി സർക്കാർ 1970കളിൽ പൗരാവകാശങ്ങൾ വലിയ രീതിയിൽ അടിച്ചമർത്തി. മോഡി സർക്കാർ ഇപ്പോൾ സമാന അടിച്ചമർത്തലുകളാണ്‌ നടത്തുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. പുതിയ കർഷക നിയമം പാസാക്കിയ രീതി ഉദാഹരണം.

പൗരത്വനിയമ ഭേദഗതിയും കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചുള്ള നിയമവും ഇതേ രീതിയിൽ മതിയായ ചർച്ചയില്ലാതെയാണ് പാസാക്കിയത്. നടപടികളിൽ പ്രതിഷേധിച്ചവരുടെ പേരിൽ ദേശദ്രോഹക്കുറ്റം ചുമത്തി. സെൻസർഷിപ്പും ഇന്റർനെറ്റ് മരവിപ്പിക്കലും തുടർക്കഥയായി–-മുഖപ്രസംഗം ചൂണ്ടിക്കാട്ടി.