Saturday
10 January 2026
31.8 C
Kerala
HomeIndiaബം​ഗാളിനായി ഒറ്റക്കെട്ടായി പോരാടും: സീതാറാം യെച്ചൂരി

ബം​ഗാളിനായി ഒറ്റക്കെട്ടായി പോരാടും: സീതാറാം യെച്ചൂരി

ബംഗാളിൽ തൃണമൂലിനെ പരാജയപ്പെടുത്തുകയും ബിജെപിയെ ഒറ്റപ്പെടുത്തുകയുമാണ് ഇടതുപക്ഷത്തിന്റെ മുഖ്യ ലക്ഷ്യമെന്നും അതിനായി എല്ലാ മതേതര ജനാധിപത്യ കക്ഷികളുമായി യോജിച്ച് പ്രവർത്തിക്കുമെന്നും സിപിഐ എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിയും തൃണമൂലും ഒരേ ജനവിരുദ്ധ നയങ്ങളാണ് പിന്തുടരുന്നത്.

ഫാസിസ്റ്റ് മാതൃകയിൽ പ്രവർത്തിക്കുന്ന സംഘപരിവാർ നിയന്ത്രണത്തിലുള്ള കേന്ദ്രസർക്കാർ പാർലമെന്റ്, നിയമ സംവിധാനം, തെരഞ്ഞെടുപ്പ് വ്യവസ്ഥിതി തുടങ്ങി എല്ലാ ഭരണസംവിധാനവും സ്വന്തം താൽപര്യങ്ങൾക്കായി അട്ടിമറിക്കുന്നു. ഭരണാധികാരമുപയോഗിച്ച് തൃണമൂലും ഭീകരവാഴ്ചയും ജനാധിപത്യ ധ്വംസനവുമാണ് നടത്തുന്നത്.

അതിനാൽ രണ്ടുകൂട്ടരെയും അധികാരത്തിൽനിന്ന് അകറ്റിയാൽ മാത്രമേ ബംഗാളിന്റെ ജനാധിപത്യ മതേതര പാരമ്പര്യം വീണ്ടെടുക്കാനാകൂവെന്നും യെച്ചൂരി പറഞ്ഞു. ജനവിരുദ്ധരായ തൃണമൂലിനെയും ബിജെപിയെയും ബംഗാള്‍ ജനത തൂത്തെറിയുമെന്ന് ബംഗാൾ പിസിസി അധ്യക്ഷനും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ അധിർ രഞ്ജൻ ചൗധരി പറഞ്ഞു.

അതിനുള്ള കാഹളമാണ് ബ്രിഗേഡില്‍ മുഴങ്ങിയത്. ഇടതുപക്ഷ ജനാധിപത്യ കക്ഷികള്‍ ഉള്‍പ്പെടുന്ന സംയുക്ത മോര്‍ച്ച വലിയമാറ്റം സൃഷ്ടിക്കും. ബംഗാളിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംയുക്ത മോര്‍ച്ചയ്‌ക്ക് മാത്രമേ കഴിയു. ബം​ഗാള്‍ പുതിയ രാഷ്ട്രീയചരിത്രം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തിന്റെയും മതേതര ജനാധിപത്യ കക്ഷികളുടെയും കൂട്ടായ്മ ബം​ഗാളില്‍ പുതിയ മാറ്റം കൊണ്ടുവരുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. രാജ്യത്തിന്റെ ആസ്തി കോര്‍പറേറ്റുകള്‍ക്ക് കാഴ്ചവയ്ക്കുകയാണ് മോഡി സര്‍ക്കാര്‍. കേന്ദ്രത്തിലെ അമിതാധികാര ജനവിരുദ്ധ നയങ്ങളാണ് തൃണമൂലും പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ ഉയർത്തിയുള്ള പോരാട്ടമാണിതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര പറഞ്ഞു. ഇടതുമുന്നണി എല്ലാക്കാലത്തും ജനങ്ങള്‍ക്കൊപ്പമുണ്ട്. ബംഗാളില്‍ ബിജെപിക്കും വര്‍ഗീയതയ്ക്കും ഇടം ഉണ്ടാക്കിക്കൊടുത്തത് മമത ബാനര്‍ജിയാണെന്നും മിശ്ര പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments