പാചക വാതക വിലവര്‍ധനവിന് പിന്നാലെ ഭക്ഷ്യസബ്സിഡിയില്‍ നിന്നും പത്തുകോടി പേരെ ഒ‍ഴിവാക്കാനും കേന്ദ്ര നിര്‍ദേശം

0
83

രാജ്യത്ത് നൽകിവരുന്ന ഭക്ഷ്യസബ്‌സിഡിയിൽ‌ അരലക്ഷം കോടിയോളം വെട്ടിക്കുറയ്ക്കാൻ കേന്ദ്രം. ഇതിനായി ഇപ്പോൾ സൗജന്യനിരക്കിൽ റേഷൻ വാങ്ങുന്ന ​​ഗുണഭോക്താക്കളിൽ പത്തുകോടിപ്പേരെ ഒഴിവാക്കാൻ നിതി ആയോഗ്‌ നിർദേശം. ​

ഗ്രാമങ്ങളിൽ 60 ശതമാനത്തിനും നഗരങ്ങളിൽ 40 ശതമാനത്തിനും മാത്രമായി റേഷൻ ചുരുക്കണമെന്ന് വകുപ്പുകൾക്ക്‌ അയച്ച മാർഗരേഖയിൽ നിതി ആയോഗ്‌ നിർദേശിച്ചു. ഇതോടെ ജനസംഖ്യയുടെ പകുതി റേഷൻ സംവിധാനത്തിന് പുറത്താകും.

നിലവിൽ ഗ്രാമത്തിൽ 75 ശതമാനത്തിനും നഗരത്തിൽ 50 ശതമാനത്തിനുമാണ് സബ്സിഡി റേഷൻ കിട്ടുന്നത്. ജനസംഖ്യയിൽ 67 ശതമാനം പേർക്ക്‌, അതായത് 81.35 കോടിയോളം പേർക്ക് റേഷൻ ലഭിക്കുന്നു. നിതി ആയോഗ്‌ നിർദേശം നടപ്പായാൽ റേഷൻ ഗുണഭോക്താക്കൾ ജനസംഖ്യയുടെ 50 ശതമാനം മാത്രമാകും.

ഇതിലൂടെ കേന്ദ്രത്തിന് സബ്‌സിഡി ചെലവിൽ ലാഭം 47,229 കോടി രൂപ. നിലവിലെ പട്ടികയിൽ തന്നെ അർഹരായ കോടിക്കണക്കിനാളുകൾ പുറത്താണ്. ഇതു മാനിക്കാതെയാണ് പത്തുകോടിപേരെ കൂടി പുറത്താക്കുന്നത്. ലോക പട്ടിണി സൂചികയിലെ 107 രാജ്യങ്ങളിൽ ഇന്ത്യ 94-ാം സ്ഥാനത്ത്‌ നാണംകെട്ട്‌‌‌ നിൽക്കെയാണ്‌ കേന്ദ്രത്തിന്റെ കഴുത്തറുപ്പൻ പരിഷ്‌കാരനിർദേശം.

സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യം ലഭിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്ന ഭക്ഷ്യസുരക്ഷ പദ്ധതി രണ്ടാം യുപിഎ സർക്കാർ കൊണ്ടുവന്നപ്പോൾ ഇതിന്റെ അപകടം ഇടതുപക്ഷം ചൂണ്ടിക്കാട്ടിയതാണ്‌. ‌അന്ന്‌ ഉയർന്ന പ്രതിഷേധം കോൺഗ്രസും ബിജെപിയും അവഗണിച്ചു.

2011ലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതിയിൽ ദാരിദ്ര്യരേഖയുടെ മാനദണ്ഡം സംബന്ധിച്ചും തർക്കം ഉയർന്നു. അർഹരായ കോടിക്കണക്കിനുപേർ അന്ന്‌ പദ്ധതിയിൽനിന്ന്‌ പുറത്തായി.ഗ്രാമങ്ങളിൽ 60 ശതമാനത്തിനും നഗരങ്ങളിൽ 40 ശതമാനത്തിനും മാത്രമായി റേഷൻ ചുരുക്കണമെന്ന് വകുപ്പുകൾക്ക്‌ അയച്ച മാർഗരേഖയിൽ നിതി ആയോഗ്‌ നിർദേശിച്ചു. ഇതോടെ ജനസംഖ്യയുടെ പകുതി റേഷൻ സംവിധാനത്തിന് പുറത്താകും.