നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടി സുപ്രീം കോടതി അനുവദിച്ചു. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. ഇത് അവസാനത്തെ നീട്ടലാണെന്നും ഇതില്‍ കൂടുതല്‍ സമയം നല്‍കില്ലെന്നും കോടതി വ്യക്തമാക്കി. പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് നല്‍കിയ ഹര്‍ജി ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.
വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടി നല്‍കണമെന്നാവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി കഴിഞ്ഞദിവസം സുപ്രീം കോടതിയില്‍ കത്ത് നല്‍കിയിരുന്നു. പ്രോസിക്യുഷന്റെ ട്രാന്‍സ്ഫര്‍ പെറ്റിഷനുകളും, പ്രോസിക്യുട്ടര്‍ ഹാജരാവാത്തതിനാലുമാണ് നിര്‍ദേശിച്ച സമയത്തിന് ഉള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് എന്ന് പ്രത്യേക കോടതി ജഡ്ജി സുപ്രീം കോടതിക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇത് രണ്ടാം തവണയാണ് വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം സുപ്രീം കോടതി നീട്ടിനല്‍കുന്നത്. നടന്‍ ദിലീപ് പ്രതിയായ കേസിലെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് 2019 നവംബര്‍ 29ന് ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ കാരണം വിചാരണ നീണ്ടു പോയി. ഇതിനിടയില്‍ വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കാന്‍ 2020 ഓഗസ്റ്റില്‍ ആറ് മാസം കൂടി സുപ്രീം കോടതി അനുവദിച്ചിരുന്നു.