ഇടതുപക്ഷത്തിന്റെ തുടർച്ച അനിവാര്യമായ മുന്നുപാധിയായി ജനാധിപത്യ സമൂഹം കരുതുന്നു : പി രാജീവ്‌

0
77

വിവിധ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ പ്രതീക്ഷയോടെ നോക്കുന്നത്‌ കൊച്ചുകേരളത്തെയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ്‌. കെഎസ്‌ടിഎ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത്‌ ശക്തിപ്പെടുന്ന ഏകാധിപത്യ പ്രവണതകൾക്കെതിരെയുള്ള പ്രതിരോധത്തിന്റെ ദിശയെ നിർണയിക്കാൻ കരുത്തുള്ള ഇടതുപക്ഷത്തിന്റെ തുടർച്ച അനിവാര്യമായ മുന്നുപാധിയായി ജനാധിപത്യ സമൂഹം കരുതുന്നു. ആവശ്യമല്ല, അത്യാവശ്യമല്ല അനിവാര്യമാണത്‌.

രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാൻ, മതനിരപേക്ഷ ജനാധിപത്യത്തിന്റെ ഉള്ളടക്കത്തെ സംരക്ഷിക്കാനുള്ള വലിയപോരാട്ടത്തിന്‌ ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണ്‌. പ്രത്യേക സാഹചര്യത്തിലൂടെയാണ്‌ രാജ്യത്ത്‌ നാം ജീവിക്കുന്നത്‌. കേരളത്തിലാകുമ്പോൾ പെട്ടെന്ന്‌ അതൊന്നും മനസ്സിലാക്കാനായെന്നുവരില്ല.

കർഷകസമരത്തോട്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ സാമൂഹ്യ പ്രതിരോധത്തിന്റെ ഭാഗമായി നിന്നതിനാണ്‌ ഇരുപത്തിരണ്ടുകാരിയെ പിടിച്ചുകൊണ്ടുപോയി ജയിലിലടച്ചത്‌. നൂറുകണക്കിനാളുകൾ ജയിലിനകത്താണ്‌. ഐടി നിയമത്തിന്റെ 66 എ റദ്ദാക്കിയിട്ടും അതിനേക്കാളും പ്രാകൃതമായ പ്രയോഗങ്ങളിലൂടെ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുകയാണ്‌.

ജനാധിപത്യത്തിനകത്ത്‌ ഏകാധിപത്യത്തിനുള്ള പ്രവണതയുടെ സാധ്യത അധികമാണെന്ന്‌ ഭരണഘടനയുടെ കരട്‌ അവതരിപ്പിച്ചുകൊണ്ട്‌ അംബേദ്‌കർ മുന്നറിയിപ്പ്‌ നൽകിയിരുന്നു. അതീവ ജാഗ്രത പുലർത്തേണ്ടത്‌ സമൂഹമാണെന്നും പറഞ്ഞ അദ്ദേഹം ഭരണഘടനാ ധാർമികതയെക്കുറിച്ചും ഓർമിപ്പിച്ചു. ഭരണഘടനാ ധാർമികത ജനാധിപത്യഭരണഘടനയുടെ സമാധാനപരമായ പ്രവർത്തനത്തിന്‌ ആവശ്യമായ മുന്നുപാധിയാണ്‌. ഇതിന്‌ രണ്ട്‌ ഘടകങ്ങൾ ശ്രദ്ധിക്കണമെന്ന്‌ അംബേദ്‌കർ ചൂണ്ടിക്കാട്ടി.

ഒന്ന്‌, ഭരണനിർവഹണമെന്നുള്ളത്‌ ഭരണഘടനയുടെ സത്തയ്‌ക്ക്‌ ചേർന്നതായിരിക്കണം. രണ്ട്‌, ഭരണഘടന ഭേദഗതി ചെയ്യാതെതന്നെ അതിന്റെ പ്രയോഗത്തിലൂടെ അതിനെ അട്ടിമറിക്കപ്പെടാം. അംബേദ്‌കർ നൽകിയ മുന്നറിയിപ്പ്‌ ഇപ്പോൾ നടപ്പാക്കുകയാണ്‌. ഭരണഘടന നൽകിയ മൗലിക സ്വാതന്ത്ര്യത്തിന്റെ അട്ടിമറി, പ്രയോഗത്തിലൂടെ വരുത്തുന്നു.

ഭരണഘടനയിൽ കൃഷി സംസ്ഥാന വിഷയമായിട്ടും കർഷക വിരുദ്ധനയങ്ങൾ കേന്ദ്രം നടപ്പാക്കുന്നു. ഫെഡറലിസം ഭരണഘടനയുടെ അടിസ്ഥാനശിലയായിട്ടും പ്രയോഗത്തിൽ അത്‌ ഏകാധിപത്യത്തിലും കേന്ദ്രീകരണത്തിലേക്കും നയിക്കുകയാണ്‌. ഇതിനെതിരെയെല്ലാം പ്രതിരോധം തീർക്കുന്ന കേരളത്തിൽ ഇടതുപക്ഷത്തിന്റെ തുടർഭരണം അനിവാര്യമാണെന്ന്‌ രാജ്യം കരുതുന്നത്‌ അതുകൊണ്ടാണ്‌–- പി രാജീവ്‌ പറഞ്ഞു.