ഇന്ന് സൂപ്പർ സൺഡെ; ഷീൽഡിനും പ്ലേ ഓഫിനുമായി തീപ്പൊരി പോരാട്ടങ്ങൾ

0
86

ഇന്ത്യൻ സൂപ്പർലീ​ഗിന്റെ ഏഴാം സീസണിലെ ലീ​ഗ് ഘട്ട പോരാട്ടങ്ങൾ ഇന്ന് അവസാനിക്കും. അവസാന ദിവസത്തേക്ക് ആവേശം നീണ്ട ലീ​ഗിൽ ഇന്ന് നടക്കുന്ന മത്സരങ്ങളാണ് ആര് ലീ​ഗ് ജേതാക്കളാക്കുമെന്നും പ്ലേ ഓഫിലേക്ക് ആര് എത്തുമെന്നും നിശ്ചയിക്കുന്നത്. അതിനാൽ രണ്ട് സൂപ്പർപോരാട്ടങ്ങൾ ഇന്ന് ആരാധകർക്ക് പ്രതീക്ഷിക്കാം.

വൈകിട്ട് അഞ്ചിന് ഹൈദരാബാദ് എഫ്.സിയും ​ഗോവയും തമ്മിലാണ് ആ​ദ്യ മത്സരം. നിലവിൽ നാലാം സ്ഥാനത്താണ് ​ഗോവ, ഹൈദരാബാദ് അഞ്ചാമതും. ​​ഗോവയ്ക്ക് ഹൈദരാബാദിനേക്കാൾ രണ്ട് പോയിന്റ് അധികമുണ്ട്. അതിനാൽ ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ മാത്രമെ ഹേദരാബാദിന് പ്ലേ ഓഫ് സ്ഥാനമുറപ്പിക്കാനാകു. ​ഗോവയ്ക്കാകട്ടെ മത്സരം സമനിലയിൽ അവസാനിച്ചാലും പ്ലേ ഓഫിലെത്താം. മുംബൈ സിറ്റി, എ.ടി.കെ മോഹൻ ബ​ഗാൻ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവർ ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ചു.

രാത്രി ഏഴരയ്ക്ക് നടക്കുന്ന രണ്ടാം പോരാട്ടം എ.ടി.കെ മോഹൻ ബ​ഗാനും മുംബൈ സിറ്റിയും തമ്മിലാണ്. നിലവിൽ 40 പോയിന്റുള്ള എ.ടി.കെയാണ് ലീ​ഗിൽ ഒന്നമത്. മുംബൈയ്ക്ക് 37 പോയിന്റാണുള്ളത്. ലീ​ഗ് ഘട്ടത്തിൽ ഒന്നാമതെത്തി ഷീൽഡ് ജേതാക്കളാക്കുന്നവർക്കാണ് ഏഷ്യൻ ചാമ്പ്യൻസ് ലീ​ഗ് യോ​ഗ്യത. ഇന്നത്തെ മത്സരം ജയിച്ചാൽ ​ഗോൾവ്യത്യാസത്തിന്റെ മികവിൽ മുംബൈയ്ക്ക് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാം. അതേസമയം സമനിലയായാൽ പോലും എ.‌ടി.കെയ്ക്ക് ഒന്നാം സ്ഥാനക്കാരാകാം.