തമിഴ്നാട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 220 കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തി. ടൈൽസും സാനിട്ടറിവെയറുകളും നിർമിക്കുന്ന കമ്പനിയിലെ റെയ്ഡിലാണ് കള്ളപ്പണം കണ്ടെത്തിയതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് അറിയിച്ചു.
ഫെബ്രുവരി 26ന് തമിഴ്നാട്, ഗുജറാത്ത്, കൊൽക്കത്ത എന്നീ സംസ്ഥാനങ്ങളിലെ ഇരുപതോളം സ്ഥലങ്ങളിലായിരുന്നു പരിശോധന. 8.30 കോടി രൂപയാണ് പണമായി പിടികൂടിയത്. 220 കോടി രൂപയുടെ ഉറവിടം വ്യക്തമല്ല. പണത്തിന്‍റെ ഉറവിടം വ്യക്തമാക്കാന്‍ ഉടമകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് സിബിഡിടി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ആദായ നികുതി വകുപ്പ് കനത്ത നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വോട്ടർമാരെ സ്വാധീനിക്കാൻ പണം ഒഴുക്കുന്നത് തടയുന്നതിനായാണിത്. തമിഴ്നാട്ടിലും പുതുച്ചേരിയിലും ഏപ്രിൽ ആറിന് ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്.