അസമില്‍ ബിപിഎഫ് കോൺഗ്രസ് സഖ്യത്തിൽ : ബിജെപിക്ക് വൻ തിരിച്ചടി

0
74

അസമിൽ ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) ഭരണകക്ഷിയായ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നു. അടുത്തമാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നീക്കം.

സമാധാനം, ഐക്യം, വികസനം എന്നിവയ്ക്കായി പ്രവർത്തിക്കാനും അസമില്‍ അഴിമതിയിൽനിന്ന് മുക്തമായ സുസ്ഥിരമായ ഒരു സർക്കാരിനെ കൊണ്ടുവരാനും ബോഡോലാന്റ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) മഹാജന്തുമായി (കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യം) കൈകോർക്കാൻ തീരുമാനിച്ചു.

ബിപിഎഫ്  ബിജെപിയുമായി സൗഹൃദമോ സഖ്യമോ നിലനിർത്തുകയില്ല. വരാനിരിക്കുന്ന അസം നിയമസഭാ തിരഞ്ഞെടുപ്പിൽ ബി‌പി‌എഫ് മഹാജന്തിനോട് കൈകോർത്ത് പ്രവർത്തിക്കുമെന്നും ബിപിഎഫ് നേതാവ് ഹഗ്രാമ മൊഹിലാരി സമൂഹമാധ്യമത്തിൽ കുറിച്ചു.

2005 ൽ അസമിൽ രൂപീകരിച്ച കൊക്രാജർ ആസ്ഥാനമായുള്ള ബിപിഎഫ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 126 സീറ്റുകളിൽ 12 എണ്ണത്തിൽ വിജയിക്കുകയും ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ചേരുകയും ചെയ്തിരുന്നു. അതിനുമുൻപ്, ബിപിഎഫ് കോൺഗ്രസുമായി രണ്ടുതവണ സഖ്യമുണ്ടാക്കിയിരുന്നു.

സംസ്ഥാനത്തെ സർബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിൽ മൂന്ന് മന്ത്രിമാരുള്ള ബിപിഎഫ് ഡിസംബറിൽ നടന്ന ബിടിസി (ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിൽ) തിരഞ്ഞെടുപ്പിൽ 40 അംഗ സമിതിയിൽ 17 സീറ്റുകൾ നേടി.

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്ക് ബിപിഎഫുമായി സഖ്യമുണ്ടാകില്ലെന്ന് ഈ മാസം ആദ്യം അസം ധനമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കിയിരുന്നു.