ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ബേബി ജോണ്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചു. ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധതയിലും അഴിമതിയിലും മനംമടുത്തത് കൊണ്ടാണ് തന്റെ രാജിയെന്ന് അദ്ദേഹം പറഞ്ഞു.
ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയും വയനാട് ഡിസിസി സെക്രട്ടറിയുമായിരുന്ന പികെ അനില്‍കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതമൂലമാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക വികാരത്തെ കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നില്ലെന്നാണ് അനില്‍ കുമാര്‍ പറയുന്നത്. എല്‍ജെഡിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അനില്‍ കുമാര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അനില്‍ കുമാര്‍ കല്‍പ്പറ്റയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കുമെന്നാണ് സൂചന.
കോണ്‍ഗ്രസ് തന്നെ രണ്ട് വര്‍ഷക്കാലമായി നിരന്തരമായി അപമാനിക്കുകയായിരുന്നുവെന്ന് അനില്‍ കുമാര്‍ പറയുന്നു. ഇനിയും ഇത് സഹിക്കാനാകില്ലെന്നും അതിനാലാണ് രാജിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്‍പ്പറ്റയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും ജില്ലാ പഞ്ചായത്ത് അംഗമായും അനില്‍ കുമാര്‍ മുന്‍പ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ലീഗ് നേതാവും വയനാട് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എ ദേവകി കഴിഞ്ഞ ദിവസം എല്‍ജെഡിയില്‍ ചേര്‍ന്നിരുന്നു. എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാര്‍ എംപി ദേവകിയ്ക്ക് അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു. ജില്ലാ അധ്യക്ഷന്‍ കെകെ ഹംസ, ഡി രാജന്‍, ജോര്‍ജ് പോത്തന്‍, അജ്മല്‍ സാജിദ്, കെഎസ് ബാബു മുതലായ നേതാക്കള്‍ ദേവകിയ്ക്ക് പാര്‍ട്ടി അംഗത്വം നല്‍കുന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു.
തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറെടുത്ത് കഴിഞ്ഞതായി എല്‍ജെഡി നേതൃത്വം വ്യക്തമാക്കി. അതെസമയം എല്‍ജെഡി ജെഡിഎസ് ലയനം ഉടനില്ലെന്ന് എംവി ശ്രേയാംസ് കുമാര്‍ പറഞ്ഞു. ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ ബിജെപി അനുകൂല നിലപാടിനെ അംഗീകരിക്കാനാകില്ലെന്നാണ് എല്‍ജെഡിയുടെ നിലപാട്. എന്ത് സംഭവിച്ചാലും സംഘ്പരിവാറിനൊപ്പം ചേരില്ല എന്നതാണ് പാര്‍ട്ടി നയം. കേരളത്തിലെ ജെഡിഎസ് നേതാക്കള്‍ മതേതര നിലപാടുകള്‍ ഉള്ളവരാണെന്നും ശ്രേയാംസ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.