മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തു; ചെരുപ്പ് കടയിലെ ജീവനക്കാർക്ക് ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ മർദനം

0
66

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ ചെരുപ്പുകടയിലെ ജീവനക്കാരെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനാണ് രണ്ടു ജീവനക്കാർക്ക് മർദനമേറ്റത്. പരാതിയുടെ അടിസ്ഥാനത്തിൽ ചെമ്പഴന്തി കൗൺസിലർ ചെമ്പഴന്തി ഉദയനെതിരെ പൊലീസ് കേസെടുത്തു.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. നഗരസഭാംഗവും ബിജെപി ജില്ലാ നേതാവുമായ ചെമ്പഴന്തി ഉദയൻ മാസ്‌ക് ധരിക്കാതെ ചെരുപ്പുകടയിലെത്തിയതിനെ ജീവനക്കാർ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നു നടന്ന തർക്കത്തിനും വാക്കേറ്റത്തിനുമിടെയാണ് മാനേജർ വിഷ്ണു, ജീവനക്കാരനായ അജയ് എന്നിവർക്ക് മർദനമേറ്റത്.

ഇരുവരേയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീകാര്യം പൊലീസ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. ബിജെപി പ്രവർത്തകരെത്തി കട അടപ്പിച്ചതായും ആക്ഷേപമുണ്ട്. അതേസമയം, കടയിലുള്ളവർ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് ചെമ്പഴന്തി ഉദയനും പൊലീസിൽ പരാതി നൽകി