കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് പൊലീസ് തടഞ്ഞു

0
69

കൊല്ലം ബൈപാസിൽ ടോൾ പിരിക്കാനെത്തിയ കമ്പനി അധികൃതരെ പൊലീസ് തടഞ്ഞു. ജില്ലാകളക്ടറുടെ ഉത്തരവില്ലാതെ പിരിവ് അനുവദിക്കില്ലെന്ന് പൊലീസ് അധികൃതരോട് പറഞ്ഞു.

ടോൾ ബൂത്തുകൾ പൊലീസ് അടപ്പിച്ചു. പിരിവ് നിർത്തിവയ്ക്കാൻ കമ്പനി അധികൃതർക്ക് നിർദേശം നൽകി. പ്രൊജക്ട് മാനേജർ എത്തിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെ അനുമതി ഇല്ലാതെയാണ് ടോൾ പിരിവ് നീക്കം തുടങ്ങിയത്. രാവിലെ മുതൽ ടോൾ പിരിക്കാനായിരുന്നു കമ്പനിയുടെ നീക്കം. ഏതെങ്കിലും തരത്തിലുള്ള ഉത്തരവിന്റെ പകർപ്പുമായി വന്നാലേ ടോൾ പിരിവ് ആരംഭിക്കാൻ സാധിക്കൂവെന്നും പൊലീസ് വ്യക്തമാക്കി. എട്ട് മണി മുതലായിരുന്നു ടോൾ പിരിവ് ആരംഭിക്കേണ്ടിയിരുന്നത്.

വാട്‌സാപ്പ് സന്ദേശത്തിലൂടെ ഇന്നലെ രാത്രി വൈകിയാണ് ടോൾ പിരിവ് തുടങ്ങുന്ന കാര്യം കൊല്ലം ജില്ലാ ഭരണകൂടത്തെ അറിയിച്ചത്. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചെന്ന് കമ്പനി അധികൃതർ ജില്ലാ ഭരണകൂടത്തെ അറിയിച്ചു. എന്നാൽ ക്രമസമാധാന പ്രശ്‌നം ഉണ്ടായാൽ ഉത്തരവാദികൾ കമ്പനി ആയിരിക്കുമെന്ന് കൊല്ലം ജില്ലാ കളക്ടർ ബി അബ്ദുൾ നാസർ പറഞ്ഞു. ടോൾ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ കത്തയച്ചു.