പട്ടിണിയെ പടിയകറ്റി ; ഇനിയും മുന്നോട്ട്

0
62
  •  കെ വി 

ഇനിയും മുന്നോട്ട് ; തുടർഭരണം ഉറപ്പ് – പ്രത്യാശാനിർഭരമായ ഈ സന്ദേശമാണ് എൽ ഡി എഫ് ജാഥകൾ ജനലക്ഷങ്ങളുടെ മനസ്സിലേക്ക് പകർന്നുനൽകിയത്. പതറിപ്പോവുന്ന പ്രതിസന്ധിയിലും തുണയായി നിന്ന പിണറായി വിജയൻ സർക്കാരിനോടുള്ള അളവറ്റ കൂറും കടപ്പാടുമാണ് ജാഥാസ്വീകരണ കേന്ദ്രങ്ങളിലെങ്ങും പ്രതിഫലിച്ചത്. കോവിഡ് കാല വിലക്കുകൾക്കിടയിലും ചിട്ടയോടെയെത്തിയ ജനക്കൂട്ടം ഇരു ജാഥയുടെയും വരവേല്പുകളെ ആവേശപ്രവാഹമാക്കി. ഭാവി വികസനത്തിൻ്റെ വഴിമുടക്കികൾക്ക് മലയാളമണ്ണിൽ നിൽക്കക്കള്ളി നൽകില്ലെന്ന നാടിൻ്റെ താക്കീതായി മാറുകയായിരുന്നു ഓരോയിടത്തെയും ജനകീയ ഒത്തുചേരൽ. നുണക്കഥകളിൽ അഭിരമിക്കുന്നവരുടെ വീരവാദങ്ങളും മനക്കോട്ടകളും തകർന്നടിയുമെന്ന ബോധ്യത്തിൽ ജനപഥങ്ങൾ ഉണരുകയാണ്.

സംസ്ഥാനത്തിൻ്റെ അടിസ്ഥാന വികസന മേഖലയിൽ കൈവരിച്ച പുരോഗതി നിലനിർത്തലും നിർദിഷ്ട പദ്ധതികൾ പൂർത്തിയാക്കലുംതന്നെയാണ് മുഖ്യ വിഷയമായി ജാഥാ വേദികളിൽ എൽ ഡി എഫ് നേതാക്കൾ അവതരിപ്പിച്ചത്. സാധാരണക്കാർക്ക് താങ്ങും തണലുമായ സാമൂഹ്യക്ഷേമ പദ്ധതികളുടെ സുഗമമായ നടത്തിപ്പിനും എൽ ഡി എഫിൽതന്നെയാണ് ജനങ്ങൾ വീണ്ടും പ്രതീക്ഷയർപ്പിക്കുന്നത്. ദേശീയപാത വീതി കൂട്ടൽ, ഗെയ്ൽ പൈപ്പ് ലൈൻ പൂർത്തീകരണം, കണ്ണൂർ വിമാനത്താവളം യാത്രാ സജ്ജമാക്കൽ, ഇൻ്റർ നെറ്റ് സേവനം സൗജന്യ നിരക്കിലാക്കുന്ന കെ ഫോൺ പദ്ധതി , പശ്ചിമതീര ജലപാത , മലയോര ഹൈവേ മുതലായ എണ്ണപ്പെട്ട ഒട്ടേറെ നേട്ടങ്ങൾ എൽ ഡി എഫിൻ്റെ ഭരണ മികവിന് ഒന്നാം തരം തെളിവാണ്. സുസ്ഥിര വികസനത്തിനുള്ള ദേശീയ അംഗീകാരമടക്കം വിവിധ മേഖലയിലെ തിളങ്ങുന്ന സേവനങ്ങൾക്ക് ഒരു ഡസനോളം ബഹുമതികളാണ് 2016- 21 കാലത്ത് നമ്മുടെ സംസ്ഥാനത്തെ തേടിയെത്തിയത്.

വിവിവാദങ്ങൾക്കും അന്ധമായ രാഷ്ട്രീയ വിരോധത്തിനുപ്പുറം ജനങ്ങളുടെ പ്രാഥമിക ജീവിതാവശ്യങ്ങൾ നിറവേറ്റുന്നതിന് മുൻഗണന കൊടുക്കുന്ന ഭരണം… അതാണ് കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങൾ പൊതുവെ ആഗ്രഹിക്കുന്നത്. പിന്നിടുന്ന അഞ്ചുവർഷത്തെ ഭരണം അവർക്ക് മുമ്പിലുണ്ട്. ഓഖിയും നിപയും രണ്ട് പ്രളയങ്ങളും കോവിഡ് മഹാമാരിയും വിതച്ച കൊടിയ ദുരിതങ്ങളെ കൂസാതെ സർവതുറകളിലും പരമാവധി ആശ്വാസമെത്തിച്ച ജനക്ഷേമ നടപടികൾ… സാമൂഹ്യക്ഷേമ പെൻഷൻ 600 രൂപയിൽനിന്ന് വർധിപ്പിച്ച് 1600 രൂപയാക്കി മുടങ്ങാതെ കിട്ടുമെന്നുറപ്പാക്കിയതുതന്നെ എത്രയെത്ര കുടുംബങ്ങൾക്കാണ് പ്രാരാബ്ധങ്ങളിൽനിന്നുള്ള മോചനവഴിയായത് – 58 ലക്ഷം പേർക്കാണ് ഇത് ലഭിക്കുന്നത്. മറ്റു വരുമാനമൊന്നുമില്ലാത്ത നിരാലംബരാണ് ഇവരിലേറെയും. ഭരണം മാറിയാൽ തങ്ങളുടെ കഞ്ഞിയിൽ മണ്ണു വീഴുമോ എന്നാണവരുടെ ആശങ്ക.
റേഷൻ കാർഡിൻ്റെ നിറം നോക്കാതെ എല്ലാ വരുമാനക്കാർക്കും ഒരേപോലെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതും സംസ്ഥാനത്ത് ആദ്യമാണ്. 87.28 ലക്ഷം റേഷൻ കാർഡുടമകൾക്ക് പത്ത് മാസത്തോളമായി ഭക്ഷ്യ കിറ്റ് കിട്ടുന്നു. ഇടത്തരത്തിന് മേലെയുള്ളവർക്ക് റേഷൻ കടകളിൽ പരിമിതമായ ആനുകൂല്യമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴാകട്ടെ 10 കിലോ അരിവീതം 15 രൂപ നിരക്കിൽ വേറെ വാങ്ങാം. കൂടാതെ പതിനാലിനം നിത്യോപയോഗ സാധനങ്ങൾ മാവേലി സ്റ്റോറുകൾ വഴി മിതവിലയ്ക്ക് എത്തിക്കുന്നു. പൊതുവിതരണ സമ്പ്രദായത്തിൽ മൊത്തത്തിൽ വരുത്തിയ മാറ്റം എത്ര ആശാവഹമാണ്. ഏത് സാധനമെത്തിയാലും മൊബൈൽ ഫോണിൽ സന്ദേശം വരും. യു ഡി എഫ് ഭരണത്തിൽ സപ്ലൈകോ സ്റ്റോറുകൾ മിക്കപ്പോഴും കാലിയായിരുന്നു.

ആരോഗ്യം, വിദ്യാഭ്യാസം, കിടപ്പാടം-വീട് , വൈദുതി , കുടിവെള്ളം, ഗതാഗത സൗകര്യം എന്നീ പ്രാഥമിക മേഖലകളിലെല്ലാം അഞ്ച് വർഷത്തിനകം അവിശ്വസനീയമായ നേട്ടങ്ങളാണുണ്ടായത്. യു ഡി എഫിലെ മുസ്ലീം ലീഗ് മന്ത്രി അബ്ദുറബ്ബിൻ്റെ ഭരണ ത്തിൽ എന്തായിരുന്നു പൊതുവിദ്യാലയങ്ങളുടെ അവസ്ഥ. സകല മുക്കിലും മൂലയിലും കൂണുകൾപോലെ അൺ എയ്ഡഡ് സ്കൂളുകൾ മുളച്ചുപൊങ്ങുകയായിരുന്നു. കുട്ടികൾ കുറഞ്ഞ് പല പൊതുവിദ്യാലയങ്ങളും പൂട്ടിപ്പോവൽ ഭീഷണിയിലും . എന്നാൽ അഞ്ചരലക്ഷം കുട്ടികളാണ് സർക്കാർ – എയ്ഡഡ് സ്കൂളുകളിൽ മൂന്ന് അധ്യയന വർഷത്തിനകം പുതുതായി എത്തിയത്. പൊതുവിദ്യാലയങ്ങൾ മിക്കവാറും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്താനും കഴിഞ്ഞു.
കോവിഡ് സാഹചര്യത്തിൽ മറ്റു സംസ്ഥാനങ്ങൾ പകച്ചുനിന്നപ്പോൾ ഇവിടെ ഫസ്റ്റ് ബെൽ പദ്ധതിയിലൂടെ നടപ്പാക്കിയ ഓൺ ലൈൻ പഠനരീതി വിദ്യാർത്ഥികൾക്ക് മുമ്പിൽ അതിനൂതന പാതകൾ തുറന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠന സൗകര്യ വികസനത്തിനുള്ള കുതിപ്പിലാണ്.

ആരോഗ്യമേഖലയിൽ പി എച്ച് സികൾ മുതൽ മെഡിക്കൽ കോളേണ്ട് ആശുപത്രികൾവരെ അടിമുടി നവീകരിച്ചു. രോഗികളെ പിഴിയുന്ന സ്വകാര്യ നഴ്സിങ് ഹോമുകളിലേക്കുള്ള ആളുകളുടെ ഒഴുക്ക് നിയന്ത്രിക്കാനായി. കോവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനും ഏർപ്പെടുത്തിയ കുറ്റമറ്റ സംവിധാനം ലോകോത്തര നിലവാരത്തിലുള്ളതായിരുന്നു. ഒട്ടേറെ അന്താരാഷ്ട്ര അംഗീകാരങ്ങൾ ഇതിന് ലഭിക്കുകയും ചെയതു. 58 വിദേശ പ്രസിദ്ധീകരണങ്ങളിൽ കേരള മാതൃകയെ പ്രകീർത്തിച്ച് ലേഖനങ്ങൾ വന്നത് ചെറിയ കാര്യമല്ല. ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലെ ലോകാരോഗ്യ സംഘടനാ വേദിയിലേക്ക് വരെ ഈ കൊച്ചുകേരളത്തിൻ്റെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ ക്ഷണിക്കപ്പെട്ടത് എത്ര അഭിമാനകരമാണ്.

അഞ്ചുകൊല്ലത്തിനകം രണ്ടര ലക്ഷത്തിലധികം പേർക്ക് വീടുകൾ നിർമിച്ചുനൽകി എന്നതും സമാനതകളില്ലാത്ത നേട്ടമാണ്. മുമ്പൊരു സർക്കാരിനും ഇത്രയേറെ പേർക്ക് ഭവനനിർമാണ സഹായം ലഭ്യമാക്കാനായിട്ടില്ല. അന്തിയുറങ്ങാൻ സ്വന്തമായി അടച്ചുറപ്പുള്ള വീടില്ലാത്ത നിരവധി നിർധനരുടെ ജീവിതസ്വപ്നമാണ് ലൈഫ് മിഷനിലൂടെ സഫലമാക്കിയത്.
തരിശിട്ട പാടങ്ങളിൽ പരക്കെ കൃഷി തുടങ്ങി കാർഷിക ഉല്പാദനത്തിൽ സ്വായത്തമാക്കിയ സമൃദ്ധി ഗ്രാമീണജീവിതത്തിൽ നല്ല ചലനമുണ്ടാക്കിയിട്ടുണ്ട്. റബ്ബറിനും നെല്ലിനുമുൾപ്പെടെ താങ്ങുവില ഉയർത്തിയതും 20 ഇനം പച്ചക്കറികൾക്ക് താങ്ങുവില നിശ്ചയിച്ച തും മറ്റൊരു പ്രചോദനമാണ്. രാജ്യത്ത് ആദ്യമായി കർഷക പെൻഷൻ പദ്ധതി ആരംഭിച്ചതിൻ്റെ ഉഷാറുമുണ്ട് ഒപ്പം.
വൈദ്യുതിരംഗത്ത് ഊർജ ഉല്പാദനത്തിലും വിതരണത്തിലും നടപ്പാക്കിയ പദ്ധതികളുടെ മെച്ചം പ്രശംസനീയമാണ്. പവർകട്ടും വോൾട്ടേജ് കമ്മിയും പഴങ്കഥയായില്ലേ. കെ എസ് ഇ ബി യുടെ വാതിൽപ്പടി സേവനവും എടുത്തുപറയത്തക്കതാണ്.
ജലജീവൻ പദ്ധതിയിലൂടെ കുടിവെള്ള വിതരണം ഗ്രാമ -നഗരദേദമന്യേ വ്യാപകമാക്കിയതാണ് മറ്റൊരു ശ്രദ്ധേയ നേട്ടം. കുട്ടനാട്ടിൽ വരെ ശുദ്ധജലക്ഷാമം പരിഹരിക്കാനായത് നിസ്സാര കാര്യമല്ല.

തിരുവനന്തപുരം, ആലപ്പുഴ, കൊച്ചി, കോഴിക്കോട്, മാഹി – തലശ്ശേരി എന്നിവിടങ്ങളിലുൾപ്പെടെ പൂർത്തിയാക്കിയ ബൈപാസുകളും മേൽപ്പാലങ്ങളും അനേകമുണ്ട്. ഗതാഗത സൗകര്യവുമായി ബന്ധപ്പെട്ട അടിസ്ഥാന വികസന മേഖലയിൽ ഇത്രയും മുന്നേറ്റമുണ്ടായ ഭരണ കാലയളവ് വേറെയില്ല. ജലപാത രണ്ടാംഘട്ടം, വയനാട്-തിരുവാമ്പാടി തുരങ്കപാത നിർമാണം തുടങ്ങിയവ പണി തീർക്കാനുമുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരേണ്ടത് ഇത്തരം വൻ പദ്ധതികളുടെ പൂർത്തീകരണത്തിന് അനിവാര്യമാണ്.

നാടിൻ്റെ ക്ഷേമ പ്രവർത്തനങ്ങളിലും വികസനലക്ഷ്യങ്ങളിലും ഊന്നിയുള്ള ചർച്ചയാണ് ത്രിതല പഞ്ചായത്ത് – നഗരസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ നന്നായി സ്വാധീനിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധിയിലും ഇതേ ചിന്താഗതിക്കാവും മുൻതൂക്കം. അതിന് ആക്കം കൂട്ടാനായി എന്നതാണ് സംസ്ഥാനതലത്തിൽ പര്യടനം നടത്തിയ എൽ ഡി എഫ് ജാഥകൾകൊണ്ടുള്ള ഗുണം. ജാഥാ ക്യാപ്റ്റന്മാരായ എ വിജയരാഘവനും ബിനോയ് വിശ്വവും പങ്കുവെക്കുന്നത് ഇതേ വിലയിരുത്തലാണ്.

മഞ്ചേശ്വരത്തുനിന്ന് പുറപ്പെട്ട് തൃശൂരിൽ സമാപിച്ച ഉത്തരമേഖലാ ജാഥയ്ക്ക് സിപിഐ-എം സംസ്ഥാന സെക്രട്ടറിയുടെകൂടി ചുമതലയുള്ള എൽ ഡി എഫ് കൺവീനർ എ വിജയരാഘവനാണ് നേതൃത്വം നൽകിയത് ; ദക്ഷിണ മേഖലാ ജാഥയ്ക്ക് സി പി ഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ബിനോയ് വിശ്വം എം പി യും. യഥാക്രമം കെ പി രാജേന്ദ്രൻ, എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവർ ജാഥാ മാനേജർമാരായിരുന്നു.