സംസ്ഥാന ഭവന നിർമാണ ബോർഡ് ‘സൗഹൃദം’ പാർപ്പിട വായ്പാ പദ്ധതി ആരംഭിച്ചു

0
65

സംസ്ഥാന ഭവന നിർമാണ ബോർഡ് ‘സൗഹൃദം’ പാർപ്പിട വായ്പാ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ പ്രഖ്യാപനം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. സൗഹൃദം വായ്പ പദ്ധതി ഭവനനിർമാണ മേഖലയിൽ പുതിയ തുടക്കമാകുമെന്ന് മന്ത്രി പറഞ്ഞു.

പദ്ധതിയിലൂടെ ഒരു ലക്ഷം ഗുണഭോക്താക്കൾക്ക് വായ്പ അനുവദിക്കും. ഗുണഭോക്താവ് വീട് നിർമാണത്തിനാവശ്യമായി വന്നേക്കാവുന്ന വായ്പ തുക മുൻകൂറായി ബോർഡിനെ അറിയിക്കണം.

വീട് നിർമിക്കാൻ ഉദ്ദേശിക്കുന്ന കാലയളവിനുള്ളിൽ ഈ തുകയുടെ ഒരു വിഹിതമായി ചുരുങ്ങിയത് 10 ശതമാനം തുക പ്രാരംഭ നിക്ഷേപമായി ബോർഡിൽ അടയ്ക്കണം. വീട് നിർമാണം ആരംഭിക്കുന്ന സമയത്ത് ആവശ്യപ്പെട്ട വായ്പ തുക ആറ് ശതമാനം പലിശ നിരക്കിൽ അനുവദിക്കും. തുക ഉപയോഗിച്ച് വീടോ ഫ്്ളാറ്റോ വാങ്ങുന്നതിനും ഗുണഭോക്താക്കാൾക്ക് സാധിക്കും.

റവന്യൂ മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഭവന നിർമാണ ബോർഡ് ചെയർമാൻ പി.പ്രസാദ്, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ ജയതിലക്, ഹൗസിംഗ് കമ്മീഷണർ ആർ. ഗിരിജ തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിയെ സംബന്ധിച്ച വിശദവിവരങ്ങൾ ഭവന നിർമാണ ബോർഡിന്റെ ഹെഡ് ഓഫീസിലും ഡിവിഷൻ ഓഫീസുകളിലും ലഭിക്കും.