രാഹുൽ ഗാന്ധി നടത്തിയത് നാടകം , പരമ്പരാഗത മത്സ്യത്തൊഴിലാളികളെ അപമാനിച്ചു

0
65

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൊല്ലത്ത് നടത്തിയത് നാടകമെന്നും വിനോദസഞ്ചാരിയെപ്പോലെ എത്തി പരമ്പരാഗത മത്സ്യത്തൊഴിലാളികളായ തങ്ങളെ രാഹുൽ അപമാനിച്ചെന്നും മത്സ്യത്തൊഴിലാളികൾ.

‘നല്ല നടനാണെന്ന് അദ്ദേഹം തെളിയിച്ചു. എന്നാൽ, മത്സ്യത്തൊഴിലാളികളുടെ മുഖത്തടിച്ചതുപോലെയായി. രാവിലെ ആറിന്‌ മത്സ്യത്തൊഴിലാളികൾക്കൊപ്പം വള്ളത്തിൽ കടലിൽ പോയി മീൻപിടിച്ച്‌ രണ്ടര മണിക്കൂറിൽ തിരിച്ചെത്തിയത്രെ.

കിലോമീറ്ററുകൾ കടന്നുവേണം വല ഉറപ്പിക്കാൻ. കടലിലേക്കുള്ള യാത്രയ്‌ക്കുമാത്രം വേണം രണ്ടുമണിക്കൂർ. പോയിവരാൻ കുറഞ്ഞത് നാലുമണിക്കൂറെങ്കിലും എടുക്കും’–- റോബിൻ പറഞ്ഞു.

മുപ്പതിനായിരം രൂപ നൽകി കരാർ ഉറപ്പിച്ചായിരുന്നു കടൽ നാടകമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. കരയിൽനിന്ന്‌ പോകുമ്പോൾത്തന്നെ വള്ളത്തിൽ മീനുണ്ടായിരുന്നു. എന്തെങ്കിലും ആത്മാർഥത ഉണ്ടായിരുന്നെങ്കിൽ മീൻപിടിക്കുന്ന കഷ്ടപ്പാട് നേരിൽ കാണാൻ അദ്ദേഹം തയ്യാറാകണമായിരുന്നു.

9 എംഎം കണ്ണി വലിപ്പമുള്ള ചൂടൻ വലയിൽ മത്സ്യം കയറുമ്പോൾ പുറത്തേക്കു പോകാതിരിക്കാനാണ് സാധാരണ തൊഴിലാളികൾ വെള്ളത്തിലേക്ക്‌ ചാടുന്നത്. മീൻ കിട്ടാതിരുന്നപ്പോൾ കടലിൽ ചാടിയെന്ന്‌ പറയുന്ന രാഹുൽ തൊഴിലാളികളെ കളിയാക്കുകയാണ്‌–- 30 വർഷമായി മത്സ്യത്തൊഴിലാളിയായ വാടി കല്ലേലിൽ പുരയിടത്തിൽ ബിജു സെബാസ്റ്റ്യൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് വരും പോകും. സത്യത്തെ വളച്ചൊടിക്കരുത്. അഞ്ചുവർഷംകൊണ്ട് ഒരു സർക്കാരിൽനിന്ന് മത്സ്യത്തൊഴിലാളികളുടെ നന്മയ്‌ക്കായി കിട്ടാൻ ബാക്കി ഒന്നുമില്ല. എന്നിട്ടും എന്തിനാണീ നാടകമെന്നും ബിജു ചോദിച്ചു.