വയലാർ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് ഉപയോഗിച്ച വാള്‍ കണ്ടെത്തി

0
104

ചേര്‍ത്തല വയലാറില്‍ ആര്‍എസ്എസ്, എസ്‌ഡിപിഐ സംഘര്‍ഷത്തില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച എന്ന് കരുതുന്ന വാള്‍ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തി. രണ്ട് വാളുകളാണ് പ്രദേശത്ത് നിന്ന് പൊലീസ് കണ്ടെത്തിയത്.

സംഭവത്തില്‍ ആറ് എസ്ഡിപിഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. റിയാസ്, നിഷാദ്, അനസ്, അബ്ദുള്‍ ഖാദര്‍, അന്‍സില്‍, സുനീര്‍ എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയേക്കും. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപിയും സംഘ പരിവാര്‍ സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്.

വയലാര്‍ നാഗം കുളങ്ങരയിലെ മുഖ്യ ശിക്ഷക്‌ നന്ദു (22) ആണ് എസ്‌ഡിപിഐ പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നന്ദുവിന്റെ തലയ്ക്ക് പിന്നിലേറ്റ വെട്ടാണ് മരണ കാരണം. സംഘര്‍ഷത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇതില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ നന്ദു കെ എസ് ന്റെ നില ഗുരുതരമാണ്.

ഇന്നലെ രാത്രി ഏഴ് മണിക്ക് ശേഷമാണ് സംഘര്‍ഷമുണ്ടായത്. ഉച്ചക്ക് എസ്ഡിപിഐയുടെ വാഹന ജാഥയിലെ പ്രസംഗത്തെ ചൊല്ലി ആര്‍എസ്എസ് പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കം ഉണ്ടായി. ഇതില്‍ പ്രതിഷേധിച്ച് ഇരുവിഭാഗവും സന്ധ്യക്ക് പ്രകടനം നടത്തിയിരുന്നു. പ്രകടനം കഴിഞ്ഞ് പിരിഞ്ഞ് പോയവര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.